
മസ്‌കത്ത്: ഒമാൻ തീരത്ത് നേരിയ ഭൂചലനം. ശനിയാഴ്ച പുലർച്ചെയാണ് 2.6 തീവ്രതയുള്ള നേരിയ ഭൂകമ്പം രേഖപ്പെടുത്തിയത്. സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. അറബിക്കടലിൽ പ്രാദേശിക സമയം പുലർച്ചെ 3:03 നാണ് ഭൂകമ്പം ഉണ്ടായത്. മസീറ ദ്വീപിന് 97 കിലോമീറ്റർ തെക്ക് പടിഞ്ഞാറായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നും കേന്ദ്രം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
12 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് റീഡിങ്ങുകൾ സൂചിപ്പിക്കുന്നു. ഒമാനിലെവിടെയും ഭൂചലനത്തെ തുടർന്ന് ആളപായമോ നാശനഷ്ടങ്ങളോ സേവന തടസ്സങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.




