
മസ്‌കത്ത്: ഒമാനിൽ ആരോഗ്യത്തിന് അപകടമുണ്ടാക്കാനിടയുള്ള കാർബണേറ്റഡ് പാനീയ കുപ്പികൾ വിപണിയിൽ നിന്നും പിൻവലിച്ചു. കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയാണ് ഈ ഉത്പന്നങ്ങൾ ഒമാൻ വിപണിയിൽ നിന്നും പിൻവലിച്ചത്. 2026 ജനുവരിക്കും ഒക്ടോബറിനും ഇടയിൽ കാലാവധി കഴിയുന്ന ബാച്ച് കുപ്പികൾ ഉപയോഗിക്കുന്നതിനെതിരെ അധികൃതർ മുന്നറിയിപ്പ് നൽകുകയും ചെയ്തു.
വിപണിയിലുള്ളത് അംഗീകൃത സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത കുപ്പികളാണ്. ഉപയോഗത്തിനിടെ ഇവ പൊട്ടിത്തെറിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ഇവ പൊട്ടിത്തെറിച്ചാൽ ഉപയോക്താക്കൾക്ക് പരിക്കേൽക്കാൻ സാധ്യതയുണ്ടെന്നും സിപിഎ ചൂണ്ടിക്കാട്ടി. മുൻകരുതൽ നടപടികളുടെ ഭാഗമായി, ഈ ബാച്ച് ഉൽപന്നം വിപണിയിൽ നിന്ന് പിൻവലിക്കാൻ സിപിഎ നിർദേശിച്ചു. ഇവ ഉപയോഗിക്കുന്നത് ഉടൻ നിർത്തണം. ഇവ വാങ്ങിയവർക്ക് സൗജന്യമായി മാറ്റി ലഭിക്കുന്നതിന് കമ്പനിയുമായി ബന്ധപ്പെടണമെന്നും അധികൃതർ നിർദേശം നൽകി. ഓൺലൈൻ, റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ നിന്ന് വാങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്നും ഉൽപന്നങ്ങൾ അംഗീകൃത സ്പെസിഫിക്കേഷനുകളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.




