തൊഴിൽ പരിശോധനകൾ; 31,000-ത്തിലധികം പ്രവാസി തൊഴിലാളികൾക്കെതിരെ കേസ്

മസ്‌കത്ത്: തൊഴിൽ പരിശോധനകളെ തുടർന്ന് ഒമാനിൽ 31,000-ത്തിലധികം പ്രവാസി തൊഴിലാളികൾക്കെതിരെ കേസെടുത്തു. തൊഴിൽ ചട്ടലംഘനം നടത്തിയ തൊഴിലാളികൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. തൊഴിൽ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 15,000 ൽ അധികം പരിശോധനകളാണ് ഒമാനിൽ തൊഴിൽ വകുപ്പ് നടത്തിയത്.

ലേബർ വെൽഫെയർ ടീമിന്റെ പരിശോധനകളെ തുടർന്നാണ് തൊഴിൽ ചട്ടങ്ങൾ ലംഘിച്ചതിന് കേസ് രജിസ്റ്റർ ചെയ്തതെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം വാർഷിക മാധ്യമ സമ്മേളനത്തിൽ വ്യക്തമാക്കി. തൊഴിൽ നിയമ പാലനം ഉറപ്പുവരുത്താനും തൊഴിൽ രീതികൾ നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് പരിശോധന നടത്തിയത്.

വേതന സംരക്ഷണ സംവിധാനത്തിലെ പുരോഗതിയും മന്ത്രാലയം ചൂണ്ടിക്കാട്ടി. 1,41,000-ത്തിലധികം സ്ഥാപനങ്ങളാണ് വേതന സംരക്ഷണ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 91,000-ത്തിലധികം സ്ഥാപനങ്ങൾ നടപ്പാക്കിയിട്ടുമുണ്ട്. വലിയ സ്ഥാപനങ്ങളിൽ ഇത് 99.8% പാലിക്കുന്നുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.