
മസ്‌കത്ത്: ശരീരഭാരം കുറയ്ക്കാൻ മരുന്നുകൾ ഉപയോഗിക്കുന്നവർക്ക് പുതിയ മാർഗനിർദേശങ്ങൾ നൽകി ഒമാൻ. ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.
മരുന്നുകളുടെ സുരക്ഷിതവും ഉത്തരവാദിത്തപരവുമായ ഉപയോഗത്തെക്കുറിച്ച് മന്ത്രാലയം വിശദീകരിച്ചു. ഇത്തരം ചികിത്സകൾ ആരോഗ്യ വിദഗ്ധരുടെ മേൽനോട്ടത്തിലും സമഗ്രമായ ആരോഗ്യ പദ്ധതിയുടെ ഭാഗമായും മാത്രമേ എടുക്കാവൂവെന്ന് മന്ത്രാലയം അറിയിച്ചു.
അമിതവണ്ണമോ അമിതഭാരമോ ഉള്ളവർ ഉപയോഗിക്കുന്ന മെഡിക്കൽ ഓപ്ഷനുകളിൽ ഒന്നാണ് ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകൾ. വിശപ്പ് കുറയ്ക്കുക, കൊഴുപ്പ് ആഗിരണം പരിമിതപ്പെടുത്തുക തുടങ്ങിയ വ്യത്യസ്ത സംവിധാനങ്ങളിലൂടെയാണ് ഈ മരുന്നുകൾ പ്രവർത്തിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ പതിവ് നിരീക്ഷിക്കുക, സന്തുലിതവും ആരോഗ്യകരവുമായ ഭക്ഷണക്രമം നിലനിർത്തുക, അത്തരം മരുന്നുകൾ ഉപയോഗിക്കുമ്പോൾ സ്ഥിരമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നിവയുടെ പ്രാധാന്യത്തെ കുറിച്ചും മന്ത്രാലയം ഓർമ്മിപ്പിച്ചു.
ആരോഗ്യ വിദഗ്ദരുടെ മേൽനോട്ടമില്ലാതെ ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകൾ ഉപയോഗിക്കുന്നതിനെതിരെയും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.




