ഒമാനിൽ 68 പേർക്ക് പൗരത്വം പുനഃസ്ഥാപിച്ചു; ഉത്തരവ് പുറത്തിറക്കി സുൽത്താൻ ഹൈതം ബിൻ താരിഖ്

മസ്‌കത്ത്: ഒമാനിൽ 68 പേർക്ക് പൗരത്വം പുനഃസ്ഥാപിച്ചു. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. രാജ്യത്തിന്റെ ദേശീയതാ ചട്ടക്കൂടിന് അനുസൃതമായും ആഭ്യന്തര മന്ത്രിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലുമാണ് നടപടി. ആഭ്യന്തര മന്ത്രിയുടെ ശുപാർശ പ്രകാരം രാജകീയ ഉത്തരവ് വഴിയാണ് ഒമാനി പൗരത്വം പുനഃസ്ഥാപിക്കുക. ഒമാൻ പൗരത്വ നിയമത്തിൽ അടുത്തിടെ കൂടുതൽ വ്യവസ്ഥകൾ കൂട്ടിച്ചേർത്തിരുന്നു. പൗരത്വം ഉപേക്ഷിച്ച് മറ്റൊരു പൗരത്വം നേടിയ ഒമാനി വംശജർക്ക് നിബന്ധനകൾക്ക് വിധേയമായി പൗരത്വം പുനഃസ്ഥാപിക്കാൻ അപേക്ഷിക്കാൻ കഴിയും.

അപേക്ഷകർ ഒമാനിൽ താമസക്കാരായിരിക്കണം അല്ലെങ്കിൽ രാജ്യത്ത് തിരിച്ചെത്തി സ്ഥിരതാമസമാക്കാനുള്ള ഉറപ്പ് രേഖാമൂലം നൽകണം. കൂടാതെ മുൻപ് സ്വീകരിച്ച മറ്റൊരു രാജ്യത്തിന്റെ പൗരത്വം ഉപേക്ഷിച്ചതിന്റെ രേഖകളും ഹാജരാക്കണം. പൗരത്വത്തിനായുള്ള അപേക്ഷകൾ ബന്ധപ്പെട്ട വകുപ്പുകൾ വിശദമായി പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുന്നത്.