റമദാൻ; ഒമാനിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളം നേരത്തെ നൽകണമെന്ന് നിർദേശം

മസ്‌കത്ത്: ചെറിയ പെരുന്നാൾ ആഘോഷങ്ങൾ കണക്കിലെടുത്ത് ഒമാനിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളം നേരത്തെ നൽകണമെന്ന് കമ്പനികൾക്ക് നിർദേശം. ഒമാൻ തൊഴിൽ മന്ത്രാലയമാണ് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയത്. എല്ലാ സ്വകാര്യ സ്ഥാപനങ്ങളും മാർച്ച് മാസത്തെ ശമ്പളം മാർച്ച് 18 ബുധനാഴ്ചയ്ക്കുള്ളിൽ തന്നെ വിതരണം ചെയ്യണമെന്ന് മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.

പെരുന്നാൾ ആഘോഷങ്ങൾക്കായി സാധനങ്ങൾ വാങ്ങുന്നതിനും കുടുംബത്തോടൊപ്പം സന്തോഷത്തോടെ പെരുന്നാൾ ആഘോഷിക്കുന്നതിനും പ്രവാസികൾ ഉൾപ്പെടെയുള്ള തൊഴിലാളികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർദ്ദേശം. അതേസമയം, അംഗീകൃത പേയ്മെന്റ് സംവിധാനങ്ങൾ വഴി കൃത്യസമയത്ത് ശമ്പളം കൈമാറുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ എല്ലാ കമ്പനികളോടും മന്ത്രാലയം പ്രത്യേകം നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.