
മസ്‌കത്ത്: ഈദുൽ ഫിത്വറിനോടനുബന്ധിച്ച് ആഭ്യന്തര വിപണിയിലെ ഇറച്ചി ലഭ്യത ഉറപ്പു വരുത്തുന്നതിന് വേണ്ടി 2,85,890 കന്നുകാലികളെ ഇറക്കുമതി ചെയ്ത് ഒമാൻ. കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 2,58,172 ആടുകളും 27,718 പശുക്കളും ഇറക്കുമതി ചെയ്യുന്നവയിൽ ഉൾപ്പെടുന്നു. പ്രാദേശിക ഉത്പാദനവും ശീതീകരിച്ച ഇറച്ചിയുടെ ലഭ്യതയും രാജ്യത്ത് ഉറപ്പാക്കിയിട്ടുണ്ട്. പെരുന്നാൾ സീസണിൽ ഇറച്ചിയുടെ ആവശ്യം വർധിക്കുന്നത് കണക്കിലെടുത്താണ് നടപടി.
ഇറക്കുമതി നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കുന്നതിനും ക്വാറന്റെയ്ൻ പരിശോധനകൾ വേഗത്തിലാക്കാനും മന്ത്രാലയം പ്രത്യേകം ശ്രദ്ധ നൽകുന്നുണ്ട്. 239 കന്നുകാലി ഇറക്കുമതി പെർമിറ്റുകൾക്കാണ് ഈ കാലയളവിൽ അംഗീകാരം നൽകിയത്. വിപണിയിലെ വിലനിലവാരവും ലഭ്യതയും മന്ത്രാലയം നിരന്തരം നിരീക്ഷിക്കുന്നുണ്ട്.




