ഒമാൻ തീരത്ത് തായ് കപ്പലിന് നേരെ ആക്രമണം; 20 ജീവനക്കാരെ രക്ഷപ്പെടുത്തി

മസ്‌കത്ത്: ഒമാൻ തീരത്ത് തായ് കാർഗോ കപ്പലിന് നേരെ ആക്രമണം. ‘മയൂരീ നാരീ’യെന്ന കാർഗോ കപ്പലിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തെ തുടർന്ന് കപ്പലിന് തീപിടിച്ചു. ഈ കപ്പലിൽ നിന്ന് 20 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി ഒമാൻ നാവികസേന അറിയിച്ചു. ജീവനക്കാരിൽ ചിലർക്ക് പരിക്കേറ്റിട്ടുണ്ട്. കപ്പലിലെ ജീവനക്കാരെല്ലാം തായ്ലന്റ് സ്വദേശികളാണ്.

ഒമാൻ തീരത്ത് നിന്ന് ഏകദേശം 13 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ ആക്രമിക്കപ്പെട്ടതെന്നാണ് മാരിടൈം സെക്യൂരിറ്റി സെന്റർ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തെത്തുടർന്ന് കപ്പലിന്റെ പ്രധാന എഞ്ചിൻ മുറിയിൽ തീപിടിത്തമുണ്ടായതായും ഇത് കപ്പലിൽ അടിയന്തര സാഹചര്യമുണ്ടാക്കിയതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. രക്ഷപ്പെടുത്തിയ വ്യക്തികളെ കൂടുതൽ വൈദ്യസഹായത്തിനും സുരക്ഷാ നടപടിക്രമങ്ങൾക്കുമായി കൊണ്ടുപോയെന്നും അധികൃതർ കൂട്ടിച്ചേർത്തു.