സൊഹാറിലെ ഡ്രോൺ ആക്രമണം; മരിച്ച രണ്ട് പ്രവാസികളും ഇന്ത്യക്കാർ

മസ്‌കത്ത്: ഒമാനിലെ സൊഹാറിൽ ഇന്ന് പുലർച്ചെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ മരിച്ച രണ്ട് പ്രവാസികളും ഇന്ത്യക്കാരാണെന്ന് തിരിച്ചറിഞ്ഞതായി സ്ഥിരീകരിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് തങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നതായി സംഭവത്തെക്കുറിച്ച് സംസാരിച്ച ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി അസീം മഹാജൻ വ്യക്തമാക്കി. പരിക്കേറ്റ 11 പേരിൽ 10 പേർ ഇന്ത്യക്കാരാണ്. ഇവരിൽ അഞ്ച് പേർ ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തതായും മറ്റ് അഞ്ച് പേർ പ്രാദേശിക ആശുപത്രികളിൽ ചികിത്സയിലാണെന്നും അവരിൽ ആർക്കും ഗുരുതരമായ പരിക്കുകളില്ലെന്നും അദ്ദേഹം അറിയിച്ചു.

ഇവരുമായി ബന്ധപ്പെട്ട കമ്പനിയുമായും പ്രാദേശിക അധികാരികളുമായും അടുത്ത ബന്ധം പുലർത്തുകയും എല്ലാ സഹായങ്ങളും നൽകുകയും ചെയ്യുന്നുവെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.