പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ പടക്കം പൊട്ടിച്ചാൽ നടപടി; ഒമാൻ പബ്ലിക് പ്രൊസിക്യൂഷൻ

മസ്‌കത്ത്: രാജ്യത്ത് പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ പടക്കം പൊട്ടിക്കുന്നവർക്കും വാഹനങ്ങളിൽ നിമയവിരുദ്ധ മാറ്റം വരുത്തുന്നവർക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. പബ്ലിക് പ്രൊസിക്യൂഷനാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ആകാശത്തേക്ക് വെടിയുതിർത്തുള്ള ആഘോഷം വേണ്ടെന്നാണ് ഒമാൻ പൊലീസ് നൽകുന്ന മുന്നറിയിപ്പ്. ഇത് രാജ്യത്തെ ആയുധ നിയമങ്ങളുടെ ലംഘനമാണെന്ന് ആർഒപി ചൂണ്ടിക്കാട്ടി.

പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പടക്കം പൊട്ടിക്കുന്നതിൽ നിന്ന് സ്വദേശികളും താമസക്കാരും വിട്ടുനിൽക്കണം. പൊതുസമാധാനത്തിന് ഭംഗം വരുത്തുന്ന ഇത്തരം രീതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പബ്ലിക് പ്രൊസിക്യൂഷൻ അറിയിച്ചു. വാഹനങ്ങളുടെ സൈലൻസറുകൾ പുറപ്പെടുവിക്കുന്ന അമിതമായ ശബ്ദവും പൊതുജനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്നതാണ്. സൈലൻസറുകളിൽ മാറ്റം വരുത്തുന്നവർക്കെതിരെയും കടുത്ത നടപടി സ്വീകരിക്കും.

പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും സമാധാനപരമായ അന്തരീക്ഷം നിലനിർത്താനും എല്ലാവരും സഹകരിക്കണമെന്നും നിയമലംഘന പ്രവൃത്തികളിൽ നിന്ന് വിട്ടുനിൽക്കണമെന്നും പബ്ലിക് പ്രൊസിക്യൂഷൻ കൂട്ടിച്ചേർത്തു.