
മസ്കത്ത്: ഒമാനിൽ തുടരുന്ന ന്യൂനമർദ്ദത്തെയും മിന്നൽ പ്രളയ സാധ്യതയെയും തുടർന്ന്, യോഗ്യമായ മേഖലകളിൽ ഇന്ന് വർക്ക് ഫ്രം ഹോം. തൊഴിൽ മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സിവിൽ സർവീസ് യൂണിറ്റുകൾക്കും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കും ഈ താത്കാലിക ക്രമീകരണം ബാധകമാകും.
ജോലിയുടെ സ്വഭാവം ഓൺലൈനായി ചെയ്യാൻ സാധിക്കുന്നതും അതിനുള്ള സാങ്കേതിക സൗകര്യങ്ങൾ ലഭ്യമായതുമായ സ്ഥാപനങ്ങൾക്ക് മാത്രമാണ് ഈ നിർദേശം ബാധകമാവുക. നിലവിൽ കാലാവസ്ഥാ വ്യതിയാനം ബാധിക്കാത്ത അൽ വുസ്ത, ദോഫാർ എന്നീ ഗവർണറേറ്റുകളെ ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ സ്ഥാപനങ്ങളും ജീവനക്കാരും ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ കർശനമായി പിന്തുടരണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.




