ഒമാനിൽ ഇന്നും മഴ; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

മസ്‌കത്ത്: ഒമാനിൽ ഇന്നും മഴയ്ക്ക് സാധ്യത. അൽ ദാഹിറ ഗവർണറേറ്റിന് മുകളിൽ സജീവമായ ഇടിമിന്നൽ കണികകൾ ഉണ്ടെന്ന് റഡാർ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. അത് ക്രമേണ വടക്കുകിഴക്കൻ ദിശയിലേക്ക് നീങ്ങുകയാണ്.

വരും മണിക്കൂറുകളിൽ അൽ ദാഖിലിയ ഗവർണറേറ്റ്, സൗത്ത് അൽ ബത്തിന ഗവർണറേറ്റ്, നോർത്ത് അൽ ബത്തിന ഗവർണറേറ്റ്, മസ്‌കത്ത് ഗവർണറേറ്റ് എന്നിവിടങ്ങളിലേക്ക് മഴ വ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യത്യസ്ത തീവ്രതയിലുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഇത് വാദികളിലും താഴ്‌വരകളിലും സജീവമായ നീരൊഴുക്കിന് കാരണമായേക്കാം.

രാജ്യത്തെ താമസക്കാർ ജാഗ്രത പാലിക്കണമെന്നും ഒഴുകുന്ന നീർച്ചാലുകൾ മുറിച്ചുകടക്കുന്നത് ഒഴിവാക്കണമെന്നും ഔദ്യോഗിക സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.