ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പുമായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മസ്‌കത്ത്: ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ഇന്ന് മുതൽ ശക്തമായ കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ കാറ്റ്, കടൽ തിരമാല ഉയരൽ, ദൂരക്കാഴ്ച കുറയൽ എന്നിവ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

ഇന്ന് മുതൽ അറബിക്കടൽ തീരത്തെ ഗവർണറേറ്റുകളിൽ തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകുകയും മുസന്ദം, ബുറൈമി, ദാഹിറ, നോർത്ത് – സൗത്ത് ബാത്തിനകൾ, ദാഖിലിയ എന്നിവിടങ്ങളിൽ വടക്ക് പടിഞ്ഞാറൻ കാറ്റ് സജീവമാകുകയും ചെയ്യും. ഈ അവസ്ഥ കുറച്ച് ദിവസത്തേക്ക് തുടരുമെന്നും കാലാവസ്ഥാ വിദഗ്ധർ പറയുന്നു.

മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും പൊടിക്കാറ്റ് ഉണ്ടാകുമെന്നും ഇത് ദൂരക്കാഴ്ച കുറയാൻ ഇടയാക്കുമെന്നും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.