
സോഹാർ: 2026 ലെ ഭക്ഷ്യ സുരക്ഷാ വാരം സംഘടിപ്പിച്ച് ഒമാൻ. കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയമാണ് സുരക്ഷാവാരം സംഘടിപ്പിക്കുന്നത്. നോർത്ത് അൽ ബത്തിന ഗവർണറേറ്റിലെ സോഹാർ വിലായത്തിലാണ് പരിപാടി നടക്കുന്നത്.
കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രി ഡോ. സൗദ് ഹമൂദ് അൽ ഹബ്സിയുടെ അധ്യക്ഷതയിൽ നടന്ന 6 ദിവസത്തെ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ സർക്കാർ വകുപ്പുകളുടെയും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുടെയും പ്രതിനിധികൾ പങ്കെടുത്തു. ഭക്ഷ്യസുരക്ഷാ ഗുണനിലവാര കേന്ദ്രത്തെ പ്രതിനിധീകരിച്ച് മന്ത്രാലയം ‘ഭക്ഷ്യസുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്തമാണ്’ എന്ന പ്രമേയത്തിലാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ ഗുണനിലവാര കേന്ദ്രത്തിന്റെ ഡയറക്ടർ ജനറൽ ഡോ. ഇൻതിസാർ സലിം അൽ ഗ്രൈബി പറഞ്ഞു. ഭക്ഷ്യസുരക്ഷാ സംവിധാനം വർദ്ധിപ്പിക്കുന്നതിനും പൊതുജന അവബോധം വളർത്തുന്നതിനുമുള്ള ദേശീയ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പരിപാടിയെന്ന് ഇവർ ചൂണ്ടിക്കാട്ടി.
2026 ലെ ഭക്ഷ്യ സുരക്ഷാ വാരാചരണത്തിൽ സ്കൂളുകളിലെയും സർവകലാശാലകളിലെയും വിദ്യാർത്ഥികളെ ലക്ഷ്യം വച്ചുള്ള ബോധവൽക്കരണ പരിപാടികൾക്ക് പുറമേ, പ്രത്യേക ശിൽപശാലകൾ, മത്സരങ്ങൾ, ഭക്ഷ്യ ഉൽപ്പാദന സ്ഥാപനങ്ങളിലേക്കുള്ള ഫീൽഡ് സന്ദർശനങ്ങൾ എന്നിവയും ഉൾപ്പെടുന്നു.




