
മസ്കത്ത്: ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി റോയൽ ഒമാൻ പോലീസ്. പോലീസിനെയോ മറ്റോ സർക്കാർ സ്ഥാപനങ്ങളെയോ പ്രതിനിധീകരിക്കുന്നു എന്ന് അവകാശപ്പെട്ട് സമീപിക്കുന്ന വ്യക്തികളുടെ ഐഡന്റിറ്റി പരിശോധിക്കാൻ പൊതുജനങ്ങളോട് റോയൽ ഒമാൻ പോലീസ് അഭ്യർത്ഥിച്ചു. നിങ്ങളെ കബളിപ്പിക്കാൻ വീഡിയോ കോളുകൾ വഴി ഉദ്യോഗസ്ഥരെ അനുകരിക്കുന്ന തട്ടിപ്പുകാർ ഉണ്ടെന്നും അവർക്കെതിരെ ജാഗ്രത പാലിക്കണമെന്നും ആർഒപി അറിയിച്ചു.
നിങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും അധികൃതർ ഓർമ്മിപ്പിച്ചു. വിശ്വസനീയ സ്ഥാപനങ്ങളുടെ പ്രതിനിധികളായി ചമഞ്ഞ്, വിശ്വാസ്യത നേടുന്നതിനും സെൻസിറ്റീവായ വ്യക്തിഗത അല്ലെങ്കിൽ സാമ്പത്തിക വിവരങ്ങൾ ചോർത്തുന്നതിനുമായി ഔദ്യോഗിക ലോഗോകളും യൂണിഫോം ധരിച്ച ഉദ്യോഗസ്ഥരുടെ പ്രൊഫൈൽ ചിത്രങ്ങളും ഉപയോഗിച്ച് പലപ്പോഴും തട്ടിപ്പ് നടക്കുന്നതായി താമസക്കാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫോൺ കോളുകൾ, വീഡിയോ കോളുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവ വഴി ഒരിക്കലും വ്യക്തിഗത വിവരങ്ങൾ അല്ലെങ്കിൽ ബാങ്ക് ഡീറ്റെയിൽസ്, അക്കൗണ്ട് നമ്പറുകൾ എന്നിവ പങ്കിടരുതെന്ന് പൊതുജനങ്ങളോട് അധികൃതർ നിർദ്ദേശിച്ചു.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ കണക്കനുസരിച്ച് 2025ന്റെ ആദ്യ പകുതിയിൽ ഒമാനിലെ സൈബർ തട്ടിപ്പ് കേസുകൾ കഴിഞ്ഞവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 50% വർദ്ധിച്ചു. ദ്രുതഗതിയിലുള്ള സാങ്കേതിക പുരോഗതി, ഇലക്ട്രോണിക് പെയ്മെന്റ് സംവിധാനങ്ങളുടെ വളർച്ച, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ വ്യാപകമായി ഉപയോഗം തുടങ്ങിയവയാണ് ഈ വർദ്ധനവിന് കാരണമെന്ന് അധികാരികൾ ചൂണ്ടിക്കാട്ടി. കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നങ്ങളോ സേവനങ്ങളോ വാഗ്ദാനം ചെയ്യുന്ന വ്യാജ ഓൺലൈൻ പരസ്യങ്ങളെ കുറിച്ചും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഇത്തരം തട്ടിപ്പുകളെ കുറിച്ചും ജാഗ്രത പാലിക്കേണ്ടതാണ്. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരായ പ്രധാന പ്രതിരോധം പൊതുജന അവബോധം ആണെന്നും പോലീസ് കൂട്ടിച്ചേർത്തു.




