ഒമാനിൽ ചെമ്മീൻ പിടിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. ഡിസംബർ 1 മുതൽ അടുത്ത വർഷം ആഗസ്റ്റ് 31 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാർഷിക – ഫിഷറീസ് മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഡിസംബർ – ആഗസ്റ്റ് മാസങ്ങളിലാണ് ചെമ്മീനുകളുടെ വളർച്ച കാലയളവ്. അത് കൊണ്ടാണ് ഈ മാസത്തേക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണം ലംഘിച്ച് മത്സ്യബന്ധനം നടത്തുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രാജ്യത്ത് നിരോധന കാലയളവ് ആരംഭിക്കുമ്പോള്‍ കമ്പനികള്‍, മത്സ്യത്തൊഴിലാളികള്‍, ഹോട്ടലുകള്‍, റസ്റ്റാറൻറുകൾ എന്നിവിടങ്ങളിലുള്ള ചെമ്മീന്റെ അളവ് രജിസ്റ്റര്‍ ചെയ്യണം. കൂടാതെ വ്യക്തികള്‍ സൂക്ഷിച്ചിട്ടുള്ള ചെമ്മീന്റെ അളവും രജിസ്റ്റര്‍ ചെയ്യണം. ഇങ്ങനെ ചെയ്തിട്ടില്ലെങ്കില്‍ നിരോധന സമയത്ത് ചെമ്മീൻ വ്യാപാരം നടത്താനും കയറ്റുമതി ചെയ്യാനും അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.