3 വർഷം വരെ തടവും 5,000 റിയാൽ വരെ പിഴയും; വ്യാജ കോൺടെന്റ് പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി ഒമാൻ

മസ്‌കത്ത്: വ്യാജ ഡിജിറ്റൽ ഉള്ളടക്കങ്ങൾ നിർമിക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരെ കർശന മുന്നറിയിപ്പുമായി ഒമാൻ. മറ്റൊരാളുടെ ശബ്ദത്തിലോ ചിത്രത്തിലോ വീഡിയോയിലോ മാറ്റങ്ങൾ വരുത്തുന്നത് കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് അധികൃതർ വ്യക്തമാക്കി. ഒമാൻ പബ്ലിക് പ്രൊസിക്യൂഷനാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. നിയമലംഘകർക്ക് 3 വർഷം വരെ തടവും 5,000 റിയാൽ വരെ പിഴയും ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

അപകീർത്തിപ്പെടുത്തൽ, വ്യക്തിഹത്യ, മാന്യതയ്ക്ക് കോട്ടം തട്ടിക്കൽ തുടങ്ങിയ ലക്ഷ്യങ്ങളോടെ നടത്തുന്ന ഇത്തരം വ്യാജ എഡിറ്റിംഗുകൾ കടുത്ത സൈബർ കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരുന്നതാണ്. രാജകീയ ഉത്തരവ് 61/2026 പ്രകാരം പുതുതായി പ്രാബല്യത്തിൽ വന്ന സൈബർ ക്രൈം വിരുദ്ധ നിയമത്തിലെ ആർട്ടിക്കിൾ 36/6 അടിസ്ഥാനമാക്കിയാണ് നടപടി. തെറ്റായ വിവരങ്ങളോ എഐ ഉപയോഗിച്ചുള്ള ഡീപ്ഫേക്കുകളോ നിർമിച്ച് പ്രചരിപ്പിക്കുന്നവർക്ക് മൂന്ന് വർഷം വരെ തടവോ 5,000 റിയാൽ വരെ പിഴയോ, അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ലഭിക്കാം. വളരെ ചെറിയ ഒരു മാറ്റം പോലും ഒരാളെ അനാവശ്യ വിവാദങ്ങളിലേക്ക് തള്ളിവിട്ടേക്കാമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഉള്ളടക്കങ്ങൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യും മുൻപ് അവയുടെ സത്യസന്ധത ഉറപ്പുവരുത്തണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.