കരാർപ്രകാരമുള്ള വിവാഹ കാറ്ററിങ് സേവനം നൽകിയില്ല; ഒമാനിൽ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിന് പിഴ

മസ്‌കത്ത്: ഒമാനിൽ പറഞ്ഞ തീയതിയിൽ കരാർപ്രകാരമുള്ള വിവാഹ കാറ്ററിങ് സേവനം നൽകാതിരുന്ന ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിന് പിഴ. 300 റിയാലാണ് പിഴയായി വിധിച്ചത്. ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയിൽ (സിപിഎ) ഉപഭോക്താവ് പരാതി നൽകിയതിനെ തുടർന്നാണ് നടപടി.

പ്രധാന വിഭവങ്ങൾ, ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ, സേവനം എന്നിവയുൾപ്പെടെ വിവാഹ ബുഫെ ഒരുക്കാനായിരുന്നു കരാറെന്ന് സിപിഎ പ്രസ്താവനയിൽ പറഞ്ഞു. കരാർ പ്രകാരം ഉപഭോക്താവ് മുൻകൂർ പണമടച്ചിരുന്നതായും വ്യക്തമാക്കി. എന്നാൽ കരാർ പ്രകാരമുള്ള സേവനം ലഭിക്കാത്തതിനെ തുടർന്ന് ഉപഭോക്താവ് നിയമ നടപടി സ്വീകരിക്കുകയായിരുന്നു.

ശരിയായി രീതിയിൽ സേവനം നൽകാൻ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു.