ഒമാനിൽ മയക്കുമരുന്ന് കേസുകൾക്ക് കനത്ത ശിക്ഷ; പുതിയ നിയമം ഇങ്ങനെ…

മസ്‌കത്ത്: ഒമാനിൽ മയക്കുമരുന്ന് കേസുകൾക്ക് ശിക്ഷ കനക്കുന്നു. മയക്കുമരുന്ന് കടത്ത്, കള്ളക്കടത്ത്, മയക്കമരുന്ന് കൈവശം വയ്ക്കൽ, വ്യക്തിഗത ഉപയോഗം എന്നിവയ്ക്ക് കടുത്ത ശിക്ഷകൾ ഏർപ്പെടുത്തിക്കൊണ്ട് ഒമാൻ റോയൽ ഡിക്രി നമ്പർ 67/2026 പ്രകാരം മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവയ്ക്കെതിരെ പോരാടുന്നതിനുള്ള ഒരു പുതിയ നിയമം നടപ്പിലാക്കി. വലിയ കേസുകളിൽ വധശിക്ഷയും 60,000 റിയാൽ വരെ പിഴയുമടക്കം കടുത്ത ശിക്ഷകളാണ് നിയമത്തിലുള്ളത്. മയക്കുമരുന്ന്, മനുഷ്യക്കടത്ത് കേസുകൾക്കായുള്ള പബ്ലിക് പ്രോസിക്യൂഷൻ വകുപ്പ് ആക്ടിങ് ഡയറക്ടർ ഹമദ് ബിൻ സഈദ് അൽ-ഗാഫ്രിയാണ് ഇക്കാര്യം അറിയിച്ചത്.

വ്യക്തിഗത ഉപഭോഗത്തിനായി മയക്കുമരുന്ന്, ലഹരി വസ്തുക്കൾ കൈവശം വയ്ക്കുകയോ, വാങ്ങുകയോ, ഉൽപ്പാദിപ്പിക്കുകയോ ചെയ്യുന്നവർക്ക് ഒന്ന് മുതൽ മൂന്ന് വർഷം വരെ തടവും 1,000 മുതൽ 5,000 റിയാൽ വരെ പിഴയും ലഭിക്കും. വിൽപ്പനക്കായി മയക്കുമരുന്ന്, സൈക്കോട്രോപിക് വസ്തുക്കൾ ഇറക്കുമതി ചെയ്യുക, കയറ്റുമതി ചെയ്യുക, ഉൽപ്പാദിപ്പിക്കുക എന്നിവ ചെയ്താൽ തടവും 35,000 റിയാൽ മുതൽ 60,000 റിയാൽ വരെ പിഴയും ലഭിക്കും. മയക്കുമരുന്ന്, സൈക്കോട്രോപിക് വസ്തുക്കൾ കൈവശം വയ്ക്കുക, കൊണ്ടുപോകുക, വിൽക്കുക, വിതരണം ചെയ്യുക എന്നിവക്ക് കുറഞ്ഞത് 15 വർഷം തടവും 10,000 മുതൽ 25,000 റിയാൽ വരെ പിഴയും നിയമം വ്യവസ്ഥ ചെയ്യുന്നു.

ചില സാഹചര്യങ്ങളിൽ ലഹരിക്കടത്ത് കേസുകളിൽ വധശിക്ഷ വരെ നേരിടേണ്ടി വന്നേക്കും. ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾ, അധികാരം, ലൈസൻസുകൾ, നിയമ സുരക്ഷിതത്വം തുടങ്ങിയവ ദുരുപയോഗം ചെയ്യുക, നിയമപരമായി ഉത്തരാദികളാകാത്തവരെ ഉപയോഗിക്കുക, അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്ത് സംഘങ്ങളുമായി ഇടപെടുകയോ സഹകരിക്കുകയോ ചെയ്യുക എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.