ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ നിര്യാണത്തില്‍ ഒമാന്‍ അനുശോചനം രേഖപ്പെടുത്തി

തമിഴ്‌നാട്ടിലുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ ജീവന്‍ നഷ്ടപെട്ട ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ നിര്യാണത്തില്‍ ഒമാന്‍ അനുശോചനം രേഖപ്പെടുത്തി. ഒമാന്റെ സുഹൃദ് രാജ്യമായ ഇന്ത്യയോടും ഇന്ത്യന്‍ സര്‍ക്കാരിനോടും ജനതയോടും അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളോടും അനുശോചനം അറിയിക്കുന്നതായി ഒമാന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ബുധനാഴ്ച ഉച്ചയോടെയാണ് ഇന്ത്യയുടെ പ്രധാനപ്പെട്ട സൈനിക ഉദ്യോഗസ്ഥന്റെ ജീവനെടുത്ത ദുരന്തമുണ്ടായത്. ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിക്ക് അടുത്ത് കൂനൂരില്‍ തകര്‍ന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടന്‍മാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്.