
മസ്കത്ത്: അൽ ഖുവൈർ കോറിഡോർ വികസന പദ്ധതിയുടെ ഭാഗമായി, സുൽത്താൻ ഖാബൂസ് സ്ട്രീറ്റിനോട് ചേർന്നുള്ള സർവീസ് റോഡ് ഭാഗികമായി അടച്ചിടുമെന്ന് അറിയിപ്പ്. മസ്കത്ത് മുനിസിപ്പാലിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 25 വരെയായിരിക്കും സർവ്വീസ് റോഡ് അടച്ചിടുന്നത്. ബൗഷർ വിലായത്തിലെ അൽ ഖുവൈർ കോറിഡോർ വികസന പദ്ധതിയുടെ കീഴിലുള്ള അടിസ്ഥാന സൗകര്യ വികസന ശ്രമങ്ങളുടെ ഭാഗമായാണ് അടച്ചിടൽ.
റോയൽ ഒമാൻ പൊലീസിന്റെ സഹകരണത്തോടെയാണ് അൽ ഖുവൈർ സ്ട്രീറ്റ് അടച്ചിടുന്നതെന്ന് മുനിസിപ്പാലിറ്റി പ്രസ്താവനയിൽ അറിയിച്ചു. ഇതുവഴി യാത്ര ചെയ്യുന്നവർ ഗതാഗത നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. പ്രദേശത്തെ ഗതാഗത സഞ്ചാരവും കണക്ടിവിറ്റിയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അൽ ഖുവൈർ കോറിഡോർ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.