
മസ്‌കത്ത്: ലൈസൻസില്ലാതെ നടത്തുന്ന സ്വകാര്യ പരിശീലന പ്രവർത്തനങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ. തൊഴിൽ മന്ത്രാലയമാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ഫോർമാറ്റ് പരിഗണിക്കാതെ എല്ലാ സ്വകാര്യ പരിശീലന പ്രവർത്തനങ്ങളും നേരിട്ടുള്ള നിയന്ത്രണത്തിനും മേൽനോട്ടത്തിനും വിധേയമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
ലൈസൻസ് ഇല്ലാതെ അത്തരം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന വ്യക്തികളോ സ്ഥാപനങ്ങളോ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. പരിശീലന പരിപാടികൾ, കോഴ്‌സുകൾ, വർക്ക് ഷോപ്പുകൾ, സമാനമായ പ്രവർത്തനങ്ങൾ തുടങ്ങിയ സ്വകാര്യ പരിശീലന പ്രവർത്തനങ്ങളും ഇതിന്റെ പരിധിയിൽ ഉൾപ്പെടും.
നേരിട്ടോ വെർച്ചൽ ആയോ അല്ലെങ്കിൽ സംയോജിത ഫോർമാറ്റിൽ നടത്തിയാലും ഇത് ബാധകം ആയിരിക്കും. സ്വകാര്യ പരിശീലന സ്ഥാപനങ്ങളുടെ ഡയറക്ടറേറ്റ് ജനറലിൽ നിന്ന് ആവശ്യമായ ലൈസൻസുകളും ഔദ്യോഗിക അംഗീകാരങ്ങളും നേടാതെയുള്ള ഇത്തരം പ്രവർത്തനങ്ങൾ നടത്താൻ പാടില്ലെന്ന് മന്ത്രാലയം അറിയിച്ചു. രാജ്യത്തെ സ്വകാര്യ പരിശീലനത്തെ നിയന്ത്രിക്കുന്ന ചട്ടങ്ങൾ വിവരിക്കുന്ന മന്ത്രി തല തീരുമാനം നമ്പർ 40/2021, തൊഴിൽ പരിശീലന മേഖല ഔദ്യോഗികമായി തൊഴിൽ മന്ത്രാലയത്തിന് കൈമാറിയ റോയൽ ഡിക്രി നമ്പർ 61/2024 എന്നിവ അനുസരിച്ചാണ് പുതിയ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ആവശ്യമായ ലൈസൻസ് നേടാതെ സ്വകാര്യ പരിശീലന പ്രവർത്തനം നടത്തുന്ന ഏതൊരു രീതിയും നിയമലംഘനമായി കണക്കാക്കപ്പെടും.
		
			



