
മസ്‌കത്ത്: മൂന്ന് ഉഭയകക്ഷി വ്യോമഗതാഗത കരാറുകളിലും ഒരു ധാരാണാപത്രത്തിലും ഒപ്പുവെച്ച് ഒമാൻ. മോൺട്രിയയിൽ നടന്ന ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ അസംബ്ലിയുടെ 42-ാമത് സെഷന്റെ ഭാഗമായാണ് ഒമാൻ ഉഭയകക്ഷി വ്യോമഗതാഗത കരാറുകളിലും ധാരണാപത്രത്തിലും ഒപ്പുവെച്ചത്. സിറിയ, ഗയാന, ഐവറികോസ്റ്റ് എന്നിവയുമായാണ് ഒമാൻ കരാറിൽ ഒപ്പുവെച്ചത്.
സിവിൽ ഏവിയേഷൻ സഹകരണം വർദ്ധിപ്പിക്കുന്നതിനും ദേശീയ വിമാനക്കമ്പനികളുടെ പ്രവർത്തന അവകാശങ്ങൾ വികസിപ്പിക്കുന്നതിനുമായാണ് ഈജിപ്തുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റ് എഞ്ചിനീയർ നായിബ് ബിൻ അലിഅൽ അബ്രി, സിറിയയുടെ ജനറല് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ തലവൻ ഉമർ ഹിഷാം അൽ ഹുസാരി, കാനഡയിലെ ഐവറി കോസ്റ്റ് അംബാസിഡറും ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ സ്ഥിരം പ്രതിനിധിയുമായ ബഫെറ്റിഗു ഔട്ടാര, ഈജിപ്ഷ്യൻ സിവിൽ അതോറിറ്റി പ്രസിഡന്റ് ക്യാപ്റ്റൻ അമർ എൽഷാർകാവി തുടങ്ങിയവരുമായാണ് കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെച്ചത്.
		
			



