നിക്ഷേപകരുടെ ശ്രദ്ധയ്ക്ക്; അനധികൃത പ്ലാറ്റ്‌ഫോമുകൾക്കും കമ്പനികൾക്കുമെതിരെ മുന്നറിയിപ്പുമായി ഒമാൻ

മസ്‌കത്ത്: അനധികൃത പ്ലാറ്റ്‌ഫോമുകൾക്കും കമ്പനികൾക്കുമെതിരെ നിക്ഷേപകർക്ക് മുന്നറിയിപ്പ് നൽകി ഒമാനിലെ ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി. അംഗീകാരമുള്ള കമ്പനികളുടെയും അംഗീകാരമില്ലാത്തവയുടെയും ലിസ്റ്റ് അതോറിറ്റി പുറത്തുവിട്ടു. നിക്ഷേപകരെ സംരക്ഷിക്കുന്നതിനും സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് നടപടി. വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയയും ഉൾപ്പെടെയുള്ള ഓൺലൈൻ ചാനലുകൾ വഴി സെക്യൂരിറ്റികളിൽ നിക്ഷേപ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന അനധികൃത പ്ലാറ്റ്‌ഫോമുകളുമായോ കമ്പനികളുമായോ ഇടപെടുന്നത് ഒഴിവാക്കണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു.

ലൈസൻസുള്ള പ്ലാറ്റ്‌ഫോമുകളെയും കമ്പനികളെയും അനുകരിക്കുന്ന അനധികൃത സ്ഥാപനങ്ങളെക്കുറിച്ചുള്ള സമീപകാല നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് അധികൃതർ ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ഗൾഫ് മേഖലയിലെ മൂലധന വിപണികളിൽ മേൽനോട്ട അധികാരമുള്ള സാമ്പത്തിക നിയന്ത്രണ സ്ഥാപനമാണെന്ന് വ്യാജമായി അവകാശപ്പെടുന്ന ഒരു വിദേശ സ്ഥാപനം, www.financialgcc.com എന്ന വെബ്‌സൈറ്റ് വഴി പ്രവർത്തിക്കുന്നുവെന്നും അധികൃതർ വിവരം നൽകി.

തങ്ങൾ ഇടപാട് നടത്തുന്ന സ്ഥാപനങ്ങൾക്ക് സെക്യൂരിറ്റികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്താൻ ഫിനാൻഷ്യൽ സർവീസസ് അതോറിറ്റിയുടെ അംഗീകാരമുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ നിക്ഷേപകരും ശ്രദ്ധിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം നൽകുന്ന വാണിജ്യ രജിസ്ട്രേഷൻ ഈ പ്രവർത്തനം നടത്തുന്നതിനുള്ള ലൈസൻസ് അല്ലെന്നും അധികൃതർ വ്യക്തമാക്കി.