
മസ്‌കത്ത്: രാജ്യത്തെ വിദേശ മൂലധന നിക്ഷേപ നിയമത്തിലെ എക്‌സിക്യൂട്ടീവ് റെഗുലേഷനുകളിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യാൻ ഒമാൻ. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഇതുസംബന്ധിച്ച മന്ത്രിതല പ്രമേയം പുറപ്പെടുവിച്ചു. വിദേശ ഉടമസ്ഥതയിലുള്ള എല്ലാ സ്ഥാപനങ്ങളും കമ്പനികളും വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു ഒമാനി പൗരനെയെങ്കിലും നിയമിക്കണമെന്നാണ് പ്രമേയത്തിൽ വ്യക്തമാക്കുന്നത്.
ഈ ഒമാനി ജീവനക്കാരൻ സോഷ്യൽ പ്രൊട്ടക്ഷൻ ഫണ്ടിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്നും ബന്ധപ്പെട്ട അധികാരികൾ വ്യക്തമാക്കിയ ഒമാനൈസേഷൻ കമ്പനി പാലിക്കണമെന്നും പ്രമേയത്തിൽ വ്യവസ്ഥ ചെയ്യുന്നു. നിലവിലുള്ള കമ്പനികൾ പാലിക്കേണ്ട നിബന്ധനകളും പ്രമേയത്തിൽ പറഞ്ഞിട്ടുണ്ട്. പ്രമേയം പ്രാബല്യത്തിൽ വരുമ്പോൾ ഒരു വർഷമോ അതിൽ കൂടുതലോ വാണിജ്യപരമായി പ്രവർത്തിക്കുന്ന ഏതൊരു വിദേശ നിക്ഷേപ കമ്പനിയും ആറുമാസത്തിനുള്ളിൽ തങ്ങളുടെ നിലവിലെ സ്റ്റാറ്റസ് ക്രമീകരിക്കണം. കമേഴ്ഷ്യൽ രജിസ്‌ട്രേഷൻ പുതുക്കൽ, വർക്ക് പെർമിറ്റ് ഇഷ്യൂ ചെയ്യൽ അല്ലെങ്കിൽ വർക്ക് പെർമിറ്റ് പുതുക്കൽ എന്നിവയിൽ ഏതാണ് ആദ്യം വരുന്നതെന്ന് ആശ്രയിച്ചിരിക്കും ഇത്. പ്രമേയം ഔദ്യോഗിക കസറ്റിൽ പ്രസിദ്ധീകരിക്കുന്നതിന് പിറ്റേദിവസം മുതൽ ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
		
			



