
മസ്‌കത്ത്: ഒമാനിൽ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ച രണ്ട് അനധികൃത അപ്ഹോൾസ്റ്ററി കടകൾ അടച്ചുപൂട്ടി. മസ്‌കത്ത് മുനിസിപ്പാലിറ്റിയാണ് കടകൾക്കെതിരെ നടപടി സ്വീകരിച്ചത്. ഖുറിയാത്ത് വിലായത്തിൽ റോയൽ ഒമാൻ പൊലീസിന്റെയും പബ്ലിക് പ്രോസിക്യൂഷന്റെയും സഹകരണത്തോടെയാണ് പരിശോധന നടത്തിയത്.
ഈ പരിശോധനക്കിടെയാണ് ലൈസൻസില്ലാത്ത ഫർണിച്ചർ അപ്ഹോൾസ്റ്ററി കടകൾ ഗുരുതരമായ ആരോഗ്യ സുരക്ഷാ ലംഘനങ്ങൾ നടത്തിയതായി കണ്ടെത്തിയത്. ഉപഭോക്തൃ ആരോഗ്യത്തിന് നേരിട്ട് അപകടമുണ്ടാക്കുന്നതും അനുയോജ്യമല്ലാത്തവയുമായ മരങ്ങൾ ഉപയോഗിക്കുന്നതായി അധികൃതർ പരിശോധനയിൽ കണ്ടെത്തി. സുരക്ഷിതമല്ലാത്ത ഉപകരണങ്ങളും വസ്തുക്കളും നശിപ്പിക്കുകയും നിയമപരമായ നടപടിക്രമങ്ങൾക്കനുസൃതമായി രണ്ട് കടകളും സീൽ ചെയ്യുകയും ചെയ്തിട്ടുണ്ട്.




