
മസ്കത്ത്: രാജ്യത്ത് നവംബർ മാസത്തിലെ ആദ്യ 10 ദിവസങ്ങളിൽ താപനില കുറഞ്ഞതായി ഒമാൻ. സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനേക്കാൾ കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് നിരവധി ഗവർണറേറ്റുകളിലെ നിരീക്ഷണ കേന്ദ്രങ്ങളിൽ രേഖപ്പെടുത്തിയ കണക്കുകൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ വർഷം നവംബറിൽ സൈഖ് പ്രദേശത്ത് 13.2 ഡിഗ്രി താപനിലയാണ് നവംബറിൽ രേഖപ്പെടുത്തിയിരുന്നത്. ഇത്തവണ ഇവിടെ രേഖപ്പെടുത്തിയത് 9.3 ഡിഗ്രി സെൽഷ്യസാണ്. ബുറൈമിൽ കഴിഞ്ഞ വർഷം നവംബറിൽ 19.7 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, ബുറൈമിൽ ഇപ്പോൾ 14.5 ഡിഗ്രി സെൽഷ്യസാണ് താപനില. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ താപനില 22 ഡിഗ്രി സെൽഷ്യസിൽ നിന്നും 16.2 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു. ജബൽ ഷംസ് പ്രദേശത്ത് 13.4 ഡിഗ്രി സെൽഷ്യസാണ് താപനില.
സൂർ, സുഹാർ, ഇബ്രി, ഹൈമ, തുടങ്ങിയ തീരപ്രദേശങ്ങളിലും ഉൾനാടൻ മേഖലകളിലും താപനിലയിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.




