നഗര വികസനം; മത്ര സ്‌ക്വയർ പദ്ധതി നിർമ്മാണത്തിന് അംഗീകാരം

മസ്‌കത്ത്: മത്ര സ്‌ക്വയർ പദ്ധതിയുടെ നിർമാണത്തിന് അംഗീകാരം ലഭിച്ചു. പദ്ധതിയുടെ നിർമാണ കരാർ നൽകി. മസ്‌കത്ത് മുൻസിപ്പാലിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. മസ്‌കത്തിന്റെ നഗര വികസനത്തിനും ഉയർന്ന ജീവിത നിലവാരത്തിനും ലക്ഷ്യമിടുന്ന പദ്ധതിയാണിത്. കോർണിഷിന്റെയും മത്ര കോട്ടയുടെയും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുക, മത്രയുടെ ചരിത്രവും പൈതൃകവുമായ മൂല്യം ഉയർത്തിക്കാട്ടുക, ടൂറിസ്റ്റ് സാധ്യതകൾ വികസിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ദേശീയ നഗര വികസന നയം 2040-ന്റെ ഭാഗമായാണ് പദ്ധതി. ഈ പദ്ധതി നഗരത്തിന്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലായി മാറുമെന്നാണ് പ്രതീക്ഷ. കടലിന് കുറുകെ അഞ്ച് മീറ്റർ വീതിയുള്ള ‘U’ ആകൃതിയിലുള്ള പ്രതീകാത്മകമായ പാലം ഈ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. ഹരിത ഇടങ്ങളും കാൽനടപ്പാതകളുമുള്ള ബഹുമുഖ പ്ലാസയും കടലിന്റെ താളത്തിനൊത്ത് രൂപകൽപ്പന ചെയ്ത ആധുനിക ലൈറ്റിങ് സംവിധാനവുമടക്കം ആകർഷകമായ അന്തരീക്ഷം മത്ര സ്‌ക്വയർ സൃഷ്ടിക്കും.