
മസ്‌കത്ത്: സ്വദേശികൾക്ക് വിവാഹപൂർവ്വ ആരോഗ്യ പരിശോധന നിർബന്ധമാക്കി ഒമാൻ. കുടുംബാരോഗ്യം സംരക്ഷിക്കുന്നതിനും ജനിതക-പകർച്ചവ്യാധി രോഗങ്ങൾ തടയുന്നതിനുമാണ് നടപടി. ജനുവരി ഒന്നു മുതൽ നിയമം പ്രാബല്യത്തിൽ വന്നു.
പങ്കാളികളിൽ ഒരാൾ ഒമാൻ പൗരനാണെങ്കിൽ രാജ്യത്തിന് അകത്തോ പുറത്തോ വെച്ച് നടക്കുന്ന വിവാഹമാണെങ്കിലും നിയമം ബാധകമാകുമെന്ന് അധികൃതർ വ്യക്തമാക്കി. സിക്കിൾ സെൽ അനീമിയ, തലസീമിയ തുടങ്ങിയ പാരമ്പര്യ രോഗങ്ങളും ഹെപ്പറ്റൈറ്റിസ് ബി, സി, എച്ച്.ഐ.വി തുടങ്ങിയ പകർച്ചവ്യാധികളും നേരത്തെ തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് വിവാഹപൂർവ്വ ആരോഗ്യ പരിശോധന ഒമാൻ നിർബന്ധമാക്കിയത്. പാരമ്പര്യ രോഗങ്ങളുള്ള കുട്ടികൾ ജനിക്കാനുള്ള സാധ്യത കുറയ്ക്കാനും ഭാവി തലമുറയുടെ ആരോഗ്യം ഉറപ്പാക്കാനും നടപടി സഹായിക്കുമെന്നാണ് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.
1999 മുതൽ ഈ പരിശോധന നിലവിലുണ്ടെങ്കിലും 2025 വരെ 42 ശതമാനം പേർ മാത്രമാണ് ഇത് സ്വമേധയാ ചെയ്തിരുന്നത്. ഈ കാരണത്താലാണ് വിവാഹപൂർവ്വ ആരോഗ്യ പരിശോധന അധികൃതർ തീരുമാനിച്ചത്. അതേസമയം, പരിശോധന നിർബന്ധമാണെങ്കിലും ദമ്പതികളുടെ വിവാഹ തീരുമാനത്തിൽ മന്ത്രാലയം ഇടപെടില്ല. പങ്കാളികൾക്ക് തങ്ങളുടെയും വരാനിരിക്കുന്ന കുട്ടികളുടെയും ആരോഗ്യത്തെക്കുറിച്ച് കൃത്യമായ ധാരണ നൽകുക മാത്രമാണ് ചെയ്യുന്നത്. കൂടുതൽ പരിശോധനകൾ ആവശ്യമായി വന്നേക്കാമെന്നതിനാൽ വിവാഹത്തിന് മാസങ്ങൾക്ക് മുൻപേ നടപടിക്രമങ്ങൾ തുടങ്ങണമെന്നാണ് അധികൃതർ നൽകുന്ന നിർദ്ദേശം.
പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തിൽ വിദഗ്ധ മെഡിക്കൽ കൗൺസിലിംഗും ദമ്പതികൾക്ക് നൽകും. എല്ലാ ആരോഗ്യ വിവരങ്ങളും കർശനമായ രഹസ്യസ്വഭാവത്തോടെയായിരിക്കും സൂക്ഷിക്കുക. ഒമാനിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും അംഗീകൃത സ്വകാര്യ ആശുപത്രികളിലും പരിശോധനയ്ക്കുള്ള സൗകര്യമുണ്ട്. പരിശോധനകളും കൗൺസിലിംഗും പൂർത്തിയാക്കിയ ശേഷം ലഭിക്കുന്ന സർട്ടിഫിക്കറ്റ് സുപ്രീം ജുഡീഷ്യൽ കൗൺസിലിന്റെ നോട്ടറി പബ്ലിക് പ്ലാറ്റ്‌ഫോമുമായി ഇലക്ട്രോണിക് സംവിധാനം വഴി ബന്ധിപ്പിക്കും. ഇനി മുതൽ ഈ സർട്ടിഫിക്കറ്റ് വിവാഹ കരാർ അന്തിമമാക്കുന്നതിന് നിർബന്ധമാണ്.




