
മസ്‌കത്ത്: ഒമാനിൽ അനുമതിയില്ലാതെ വീട്ടിൽ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ പാക്കിങ് നടത്തിയ പ്രവാസി തൊഴിലാളികൾ അറസ്റ്റിൽ. നിസ്‌വ വിലായത്തിലാണ് സംഭവം. മായം കലർന്ന 1,000 കിലോയിലേറെ സുഗന്ധവ്യഞ്ജനങ്ങൾ ഈ കേന്ദ്രത്തിൽ നിന്നും പിടിച്ചെടുത്തു. ദാഖിലിയ ഗവർണറേറ്റിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് പ്രവാസികളുടെ താമസ സ്ഥലത്ത് നടത്തിയ നിയമവിരുദ്ധ പാക്കേജിങ് പ്രവർത്തനങ്ങൾ പിടികൂടിയത്.
ആവശ്യമായ ലൈസൻസുകൾ നേടാതെ വിവിധ സുഗന്ധവ്യഞ്ജനങ്ങൾ പാക്കേജ് ചെയ്ത പ്രവാസികളാണ് പിടിയിലായത്. പാക്കേജിങ്ങിന് ഉപയോഗിക്കുന്ന എല്ലാ ഭക്ഷ്യവസ്തുക്കളും ഉപകരണങ്ങളും അധികൃതർ കണ്ടുകെട്ടി. നിസ്‌വ മുനിസിപ്പാലിറ്റിയുമായും മറ്റ് അധികാരികളുമായും സഹകരിച്ചാണ് സിപിഎ പരിശോധന നടത്തിയത്. വാണിജ്യ തട്ടിപ്പ് തടയാനുള്ള ഏകീകൃത നിയമം നമ്പർ 54/2021 ന്റെ ലംഘനമാണ് കണ്ടെത്തിയത്. പൊതുജനാരോഗ്യത്തിന് അപകടകരമാണിതെന്ന് അധികൃതർ കണ്ടെത്തി.
മാനദണ്ഡങ്ങൾ പാലിക്കാതെ താമസ സ്ഥലത്ത് ഭക്ഷ്യ ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്നുണ്ടെന്ന് അധികൃതർക്ക് വിവരം ലഭിച്ചിരുന്നു. അനുചിത രീതിയിൽ പ്രോസസ്സ് ചെയ്ത 1,000 കിലോയിൽ കൂടുതൽ ഭക്ഷ്യ ഉൽപ്പന്നങ്ങൾ കണ്ടെയ്‌നറുകളിൽ സൂക്ഷിച്ചിരിക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. പിടിച്ചെടുത്ത ഉൽപ്പന്നങ്ങളിൽ ഉൽപ്പാദന തീയതിയും കാലാവധി തീയതിയും ഉൾപ്പെടെയുള്ള അവശ്യ ലേബലിങ് വിവരങ്ങൾ ഇല്ലെന്നും പരിശോധനയിൽ അധികൃതർക്ക് ബോധ്യപ്പെട്ടു.




