മുസന്ദം ഗവർണറേറ്റിൽ പുതിയ വിമാനത്താവളം നിർമിക്കാൻ ഒമാൻ; പ്രാഥമിക പഠനങ്ങൾ പൂർത്തിയായി

മസ്‌കത്ത്: മുസന്ദം ഗവർണറേറ്റിൽ പുതിയ വിമാനത്താവളം നിർമിക്കാൻ ഒമാൻ. ഇതിനായുള്ള പ്രാഥമിക പഠനങ്ങൾ പൂർത്തിയായതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. നിലവിലുള്ള ഖസബ് വിമാനത്താവളത്തിലെ പരിമിതികൾ പരിഹരിക്കാനും 24 മണിക്കൂറും വിമാന സർവീസുകൾ ലഭ്യമാക്കാനുമാണ് പുതിയ വിമാനത്താവളത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

വിമാനത്താവളത്തിന്റെ നിർമാണം വിഭാവനം ചെയ്തിരിക്കുന്നത് രണ്ട് ഘട്ടങ്ങളിലായാണ്. ആദ്യഘട്ടത്തിൽ പ്രതിവർഷം 2.5 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ടെർമിനൽ, എയർ ട്രാഫിക് കൺട്രോൾ ടവർ, 2,520 മീറ്റർ നീളമുള്ള റൺവേ എന്നിവ സജ്ജമാക്കും. രണ്ടാം ഘട്ടത്തിൽ റൺവേയുടെ നീളം 3,300 മീറ്ററായി വർധിപ്പിക്കും. ഇതോടെ വലിയ വിമാനങ്ങളായ എയർബസ് E350, ബോയിംഗ് 777 എന്നിവയ്ക്കും ഇവിടെ ഇറങ്ങാൻ സാധിക്കും.

പദ്ധതിയുടെ നടത്തിപ്പിനായുള്ള അന്തിമ അംഗീകാരം ഈ വർഷം തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്താവളത്തെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന ഏഴ് കിലോമീറ്റർ നീളമുള്ള പുതിയ റോഡും ഈ പദ്ധതിയുടെ ഭാഗമായി നിർമിക്കുന്നുണ്ട്. വിനോദസഞ്ചാര മേഖലയ്ക്കും ചരക്ക് നീക്കത്തിനും ഈ വിമാനത്താവളം വലിയ പങ്കുവഹിക്കുമെന്നാണ് വിലയരുത്തപ്പെടുന്നത്.