അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചു; ഒമാനിൽ 28 പ്രവാസികൾ അറസ്റ്റിൽ

മസ്‌കത്ത്: രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 28 പ്രവാസികൾ ഒമാനിൽ പിടിയിൽ. ഏഷ്യൻ പൗരന്മാരാണ് പിടിയിലായത്. കടൽമാർഗം ഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 28 ഏഷ്യൻ പൗരന്മാരെ പോലീസ് കോസ്റ്റ് ഗാർഡ് കമാൻഡ് അറസ്റ്റ് ചെയ്തു.

 

 

അൽ സീബ് വിലായത്തിലെ തീരത്തിന് സമീപം ഒരു ബോട്ടിൽ വെച്ചാണ് സംഘത്തെ പിടികൂടിയത്. നിയമവിരുദ്ധമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തതെന്നും അവർക്കെതിരായ നിയമ നടപടികൾ പൂർത്തിയായി വരികയാണെന്നും റോയൽ ഒമാൻ പോലീസ് അറിയിച്ചു.

 

നിയമവിരുദ്ധമായ പ്രവേശനം, മനുഷ്യക്കടത്ത്, മറ്റ് സമുദ്ര സുരക്ഷാ ലംഘനങ്ങൾ എന്നിവ തടയുന്നതിനായി റോയൽ ഒമാൻ പോലീസ് ഒമാന്റെ തീരപ്രദേശത്ത് പതിവായി സമുദ്ര പട്രോളിംഗ് നടത്തുന്നുണ്ട്. സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.