
മസ്‌കത്ത്: ദോഹയിൽ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം മെഡിക്കൽ എമർജൻസിയെ തുടർന്ന് ഒമാനിൽ അടിയന്തരമായി ഇറക്കി. മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനം അടിയന്തരമായി ഇറക്കിയത്. ക്രൂ അംഗത്തിന് പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു തീരുമാനം.
വിമാനത്താവളത്തിലെ മെഡിക്കൽ സംഘം ഉടൻ ആവശ്യമായ പ്രാഥമിക ചികിത്സ നൽകി. ചികിത്സ നൽകിയതോടെ ക്രൂ അംഗം സുഖം പ്രാപിച്ചതായാണ് റിപ്പോർട്ട്. അപ്രതീക്ഷിതമായി വിമാനം തിരിച്ചുവിട്ടതിനെ തുടർന്നുണ്ടായ പ്രയാസങ്ങൾ ലഘൂകരിക്കാൻ ഇൻഡിഗോ കമ്പനി യാത്രക്കാരെ ബംഗളൂരുവിലേക്ക് എത്തിക്കാൻ ബദൽ വിമാനവും പുതിയ ജീവനക്കാരെയും ഏർപ്പെടുത്തി. മസ്‌കത്ത് വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വന്ന യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.
യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഇൻഡിഗോ എയർലൈൻസ് ഖേദം പ്രകടിപ്പിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും വിമാനത്തിന്റെയും സുരക്ഷക്കാണ് തങ്ങൾ എപ്പോഴും പ്രഥമ പരിഗണന നൽകുന്നതെന്നും കമ്പനി രകൂട്ടിച്ചേർത്തു.




