മറ്റ് രാജ്യങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമ നടപടി; മുന്നറിയിപ്പുമായി ഒമാൻ 

മസ്‌കത്ത്: മറ്റ് രാജ്യങ്ങളെയോ അവിടുത്തെ ഭരണാധികാരികളെയോ ജനങ്ങളെയോ അപമാനിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. സോഷ്യൽ മീഡിയ വഴിയുള്ള പോസ്റ്റുകൾ, റീപോസ്റ്റിങ്, ഷെയറിങ്, പ്രകോപനം സൃഷ്ടിക്കൽ തുടങ്ങി നിയമവിരുദ്ധമായ എല്ലാത്തരം ഓൺലൈൻ ഇടപെടലുകൾക്കും എതിരെ നടപടി സ്വീകരിക്കും. പബ്ലിക് പ്രോസിക്യൂഷനാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നത്.

ഒമാനും മറ്റു സൗഹൃദ രാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾക്ക് വിള്ളലേൽപ്പിക്കുന്ന തരത്തിലുള്ള ഒരു പ്രവർത്തനവും അനുവദിക്കില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. പൊതുജനങ്ങൾ ഉയർന്ന പൗരബോധം പുലർത്തണമെന്നും, സമൂഹമാധ്യമങ്ങളിൽ അഭിപ്രായപ്രകടനങ്ങൾ നടത്തുമ്പോൾ വാക്കുകളിലും പ്രവൃത്തികളിലും സംയമനവും ഉത്തരവാദിത്തവും പാലിക്കണമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

 

കുറ്റക്കാർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുക സൈബർ ക്രൈം നിയമത്തിലെ വകുപ്പുകൾ 20, 23, 26 എന്നിവ പ്രകാരമായിരിക്കും. വിദ്വേഷം വളർത്തുന്നതോ അന്താരാഷ്ട്ര സൗഹൃദങ്ങളെ ഹനിക്കുന്നതോ ആയ ഒരു ഉള്ളടക്കത്തോടും വിട്ടുവീഴ്ചയുണ്ടാകില്ലെന്നും നിയമങ്ങൾ പൂർണമായും പാലിച്ച് ഡിജിറ്റൽ മാധ്യമങ്ങൾ വിനിയോഗിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.