അബലോൺ പിടിക്കുന്നതിനും വിൽക്കുന്നതിനും താത്ക്കാലിക നിരോധനം; ഉത്തരവുമായി ഒമാൻ

Lമസ്‌കത്ത്: അബലോൺ (ഒരുതരം കടൽജീവി) പിടിക്കുന്നതിനും വിൽക്കുന്നതിനും ഒമാനിൽ നിരോധനം. 2027 നവംബർ 1 വരെയാണ് നിരോധനം. ഒമാൻ കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയമാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. നിരോധന കാലയളവിൽ അബലോൺ കൈവശം വയ്ക്കുന്നതും വിൽക്കുന്നതും വാങ്ങുന്നതും കയറ്റുമതി ചെയ്യുന്നതും കൊണ്ടുപോകുന്നതും, വ്യാപാരം ചെയ്യുന്നതും കുറ്റകരമാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

 

നിരോധന കാലയളവിൽ, മത്സ്യബന്ധന ബോട്ടുകളിലോ കപ്പലുകളിലോ, തീരപ്രദേശങ്ങളിലോ മത്സ്യബന്ധന കേന്ദ്രങ്ങളിലോ അബലോൺ ശേഖരിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ കൈവശം വയ്ക്കുന്നതും നിരോധനത്തിന്റെ പരിധിയിൽ ഉൾപ്പെടും.

 

അതേസമയം, തീരുമാനം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് പിടിച്ച അബലോണിന് നിരോധനം ബാധകമല്ല. എന്നാൽ, ഇവ കൈകാര്യം ചെയ്യാനും കയറ്റുമതി ചെയ്യാനും ബന്ധപ്പെട്ട അധികൃതരിൽ നിന്ന് അനുമതി നേടണം. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് പിറ്റേദിവസം മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും.

മത്സ്യബന്ധന സീസണിലെ സുസ്ഥിരമല്ലാത്ത മത്സ്യബന്ധന രീതികളും അനുവദനീയമായ കാലയളവിന് പുറത്തുള്ള നിയമവിരുദ്ധ മത്സ്യബന്ധനവും മൂലം അബലോൺ സ്റ്റോക്കുകളിൽ ഉണ്ടാകുന്ന സമ്മർദ്ദം പരിഹരിക്കുന്നതിനാണ് മന്ത്രാലയത്തിന്റെ നീക്കം.