
മസ്കത്ത്: ചാർജറുകളും ബാറ്ററികളും സുരക്ഷിതമാക്കുന്നതിന് നടപടികളുമായി ഒമാൻ. ടെലികോം റെഗുലേറ്ററി അതോറിറ്റിയാണ് ഇതുസംബന്ധിച്ച നടപടികൾ സ്വീകരിക്കുന്നത്. ചാർജറുകളുടെയും ബാറ്ററികളുടെയും സുരക്ഷ, ഗുണനിലവാരം, സാങ്കേതിക മാനദണ്ഡങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനായി അതോറിറ്റി പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നുണ്ട്. ഇതിന്റെ ഭാഗമായി അതോറിറ്റി കരട് നിയന്ത്രണ നിർദേശങ്ങൾ തയാറാക്കുകയും ചെയ്തു. ഇവ സംബന്ധിച്ച് ജനങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും ഉൾപ്പെടെ അഭിപ്രായം അറിയിക്കാം.
ചാർജറുകളുടെയും ബാറ്ററികളുടെയും ഉപയോഗവുമായി ബന്ധപ്പെട്ട സുരക്ഷാ അപകടസാധ്യതകൾ, ഒമാനിലെ വിപണിയുടെ നിലവിലെ സാഹചര്യം, ഉൽപന്നങ്ങളുടെ ഗുണനിലവാരം എന്നിവ വിലയിരുത്തിയ ശേഷമാണ് കരട് നിർദേശങ്ങൾ തയാറാക്കിയതെന്ന് അതോറിറ്റി അറിയിച്ചു. നവംബർ 24 വരെയാണ് പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ സാധിക്കുക
ഉൽപന്നങ്ങളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുക, സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് പരിശോധിക്കുക, ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങളുമായുള്ള പൊരുത്തം ഉറപ്പാക്കുക തുടങ്ങിയവയാണ് നിർദേശങ്ങളിലെ പ്രധാന മേഖലകൾ. ഒമാനിൽ ചാർജറുകളും ബാറ്ററികളും വിൽക്കുന്നതിനും വിതരണം ചെയ്യുന്നതിനും ബാധകമായ വ്യവസ്ഥകളും കരടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇറക്കുമതിക്കാർ, വിതരണക്കാർ, വ്യാപാരികൾ, ഉപഭോക്താക്കൾ എന്നിവർക്കുണ്ടാകാവുന്ന പ്രത്യാഘാതങ്ങൾക്കും പ്രാധാന്യം നൽകുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.




