ടൂര്‍ ഓഫ് ഒമാന്‍ അന്താരാഷ്ട്ര സൈക്കിളോട്ട മത്സരം സമാപിച്ചു

ആവേശമുയർത്തിയ അഞ്ചു ദിവസങ്ങൾക്കൊടുവിൽ ടൂര്‍ ഓഫ് ഒമാന്‍ അന്താരാഷ്ട്ര സൈക്കിളോട്ട മത്സരം സമാപിച്ചു. യു.എ.ഇ ടീമിലെ ഫെര്‍ണാണ്ടൊ ഗാവിരിയയാണ് മത്സരത്തിലെ ചാമ്പ്യൻ. ഫെര്‍ണാണ്ടൊ ഗാവിരിയ, മാര്‍ക്ക് കവന്‍ഡിഷ്, ആന്റോണ്‍ ചാമിഗ്, മസ്നദ ഫൗസ്റ്റോ, ജാന്‍ ഹിര്‍ട്ട് എന്നിവരായിരുന്നു ആദ്യ ദിനം മുതല്‍ തുടര്‍ച്ചയായി അഞ്ച് ദിനങ്ങളിലെ ജേതാക്കള്‍. ആറ് ഘട്ടങ്ങളിലായി ഏകദേശം 891 കിലോമീറ്റര്‍ ദൂരമാണ് മത്സരാര്‍ഥികള്‍ താണ്ടിയത്. അവസാനഘട്ടത്തില്‍ അല്‍മൗജ് മസ്‌കത്ത് മുതല്‍ മത്ര കോര്‍ണിഷ് വരെ 135.5 കിലോമീറ്റര്‍ ദൂരമായിരുന്നു മത്സരം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള താരങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു. കോവിഡ് വ്യാപനം മൂലം കഴിഞ്ഞ രണ്ടു വര്‍ഷമായി മുടങ്ങിക്കിടന്ന മത്സരത്തിന് ഈ വര്‍ഷം വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ഏഴ് അന്താരാഷ്ട്ര ടീമുകള്‍, ഒമ്പത് പ്രോ ടീമുകള്‍, ഒരു കോണ്ടിനന്റല്‍ ടീം എന്നിവയോടൊപ്പം ഒമാന്‍ ദേശീയ ടീമും ടൂർണമെന്റിൽ പങ്കെടുത്തിരുന്നു.