കത്തോലിക്കാ ബാവയുടെ ഒമാൻ സന്ദർശനത്തിന് നാളെ തുടക്കമാകും

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ്‌ മാർത്തോമ്മാ മാത്യൂസ്‌ തൃതീയൻ കാതോലിക്കാ ബാവ നാളെ ഒമാൻ സന്ദർശനത്തിനെത്തും. മസ്കറ്റ്‌ മാർ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാ ഇടവകയിലെ ഈ വർഷത്തെ വിശുദ്ധവാര ശുശ്രൂഷകൾക്ക്‌ മുഖ്യകാർമ്മികത്വം വഹിക്കുന്നതിനാണ്‌ ഇദ്ദേഹം എത്തുന്നത്‌.

സഭയുടെ പ്രധാന മേലധ്യക്ഷനായി സ്ഥാനാരോഹണം ചെയ്തശേഷമുള്ള പ്രഥമ സന്ദർശനത്തിൽ ഇടവക ഒരുക്കുന്ന വിവിധ പരിപാടികളിൽ കാതോലിക്കാ ബാവ പങ്കെടുക്കും. വിശ്വാസികൾ പള്ളിയങ്കണത്തിൽ പരമ്പരാഗത സ്വീകരണവും ഒരുക്കിയിട്ടുണ്ട്​.

ഏപ്രിൽ 17ന്​ ഇടവകയുടെ ആഭിമുഖ്യത്തിൽ റുവി സെന്‍റ്​ തോമസ്‌ ചർച്ചിൽ നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ വിവിധ സഭാ പ്രതിനിധികളൂം പ്രമുഖകരും പങ്കെടുക്കും. 18ന്‌ ഗാലാ സെന്‍റ്​ മേരീസ്‌ ഓർത്തഡോക്സ്‌ ദേവാലയത്തിന്റെ ആഭിമുഖ്യത്തിലും സ്വീകരണ പരിപാടികൾ ഒരുക്കിയിട്ടുണ്ട്‌. സന്ദർശം പൂർത്തിയാക്കി ഈ മാസം ഇരുപതാം തീയതിയോടെ കാതോലിക്കാ ബാവ മടങ്ങും.