
മസ്‌കത്ത്: രാജ്യത്ത് സമൂഹമാധ്യമങ്ങളിലൂടെ ഫാമുകളുടെയും ഉല്ലാസ കേന്ദ്രങ്ങളുടെയും വ്യാജ പരസ്യങ്ങൾ നൽകി തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി റോയൽ ഒമാൻ പോലീസ്. റിസർവേഷനുകൾക്കായി മുൻകൂട്ടി ഫണ്ട് കൈമാറാൻ ആവശ്യപ്പെട്ടാണ് തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നതെന്ന് റോയൽ ഒമാൻ പോലീസ് ചൂണ്ടിക്കാട്ടി.
ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ വലയിൽ വീഴരുതെന്നും സ്ഥാപനങ്ങളുടെ ആധികാരികത പരിശോധിക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു. ഒമാനിലുടനീളമുള്ള ഫാമുകളുടെയും ഉല്ലാസ കേന്ദ്രങ്ങളുടെയും ടൂറിസ്റ്റ് റിസോർട്ടുകളുടെയും വ്യാജ പരസ്യം സമൂഹ മാധ്യങ്ങളിൽ നൽകിയാണ് തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നത്. ഇത്തരം കേന്ദ്രങ്ങളുടെ പേരിൽ ആകർഷകമായ ബുക്കിങ് വാഗ്ദാനം ചെയ്യുന്നു. നിലവിലില്ലാത്ത റിസർവേഷനുകൾക്കായി മുൻകൂട്ടി പണം കൈമാറാനായി ആവശ്യപ്പെടുന്നു, ഈ പരസ്യങ്ങളിൽ തട്ടിപ്പ് സംഘത്തിന്റെ നമ്പറുകളാണ് നൽകിയിട്ടുണ്ടാവുക.
തട്ടിപ്പാണെന്ന് മനസിലാക്കാതെ ബാങ്ക് ട്രാൻസ്ഫറുകളിലൂടെയോ മൊബൈൽ ആപ്പുകളിലൂടെയോ പണമയച്ചുകഴിഞ്ഞാൽ പിന്നെ സംഘത്തിൽ നിന്ന് യാതൊരു മറുപടിയും ലഭിക്കില്ല. ബുക്കിങ്ങ് സ്ഥിരീകരണമോ മറ്റോ ലഭിക്കാതിരിക്കുമ്പോ മാത്രമാണ് തട്ടിപ്പാണെന്ന് പലർക്കും മനസിലാകുന്നത്. ഇത്തരം പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്നും പണം സ്വീകരിക്കുന്നയാളുടെ ഐഡന്റിറ്റിയും സ്ഥാപനത്തിന്റെ ആധികാരികതയും പരിശോധിച്ചതിന് ശേഷം മാത്രം തുക കൈമാറാൻ പാടുള്ളുവെന്നും റോയൽ ഒമാൻ പോലീസ് കൂട്ടിച്ചേർത്തു.