പ്രവാസികളെ കൊള്ളയടിച്ച് വിമാന കമ്പനികൾ

ഈദ് അവധി പ്രമാണിച്ച് നാട്ടിലേക്കെത്താൻ കാത്തിരിക്കുന്ന പ്രവാസികളെ കൊള്ളയടിച്ച് വിമാന കമ്പനികൾ. ടിക്കറ്റ് നിരക്കുകളിൽ മൂന്ന് മുതൽ അഞ്ചിരട്ടി വരെ വർധനവാണ് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്. നിരക്ക് വർധന ഇന്ന് മുതൽ നിലവിൽവരും.
പ്രവാസികളുടെ മടക്കയാത്ര ലക്ഷ്യമിട്ട്‌ മെയ് ആദ്യവാരംമുതൽ കേരളത്തിൽനിന്ന് ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്കും വർധിപ്പിക്കും. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എയർപോർട്ടുകളിലേക്കുള്ള നിരക്കുകളിൽ എല്ലാം വർധനയുണ്ട്.
ഒമാനിൽ നിന്നും നാട്ടിലേക്കുള്ള ടിക്കറ്റിന് 9000 രൂപ വരെ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 39,000 മുതൽ 41,000 രൂപ വരെയാക്കി.

കോവിഡായതിനാൽ കഴിഞ്ഞ രണ്ട് വർഷമായി  പ്രവാസി മലയാളികൾ പെരുന്നാളിന്‌ നാട്ടിലെത്തിയിരുന്നില്ല. നിരക്കുവർധനയാൽ ഇത്തവണയും പലരും യാത്ര റദ്ദാക്കി. ഒരു കുടുംബത്തിന്‌ നാട്ടിലെത്താൻ ലക്ഷങ്ങൾ ചെലവാകും. കേന്ദ്ര വ്യോമയാന മന്ത്രാലയം നിരക്ക് കുറയ്‌ക്കാനുള്ള നടപടിയെടുക്കുന്നില്ലെന്ന്‌ വിമർശമുണ്ട്‌.