2021 ലെ മികച്ച ചലച്ചിത്രങ്ങൾക്കുള്ള കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് വൈകീട്ട് പ്രഖ്യാപിക്കും

2021 ലെ മികച്ച ചലച്ചിത്രങ്ങൾക്കുള്ള കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് വൈകീട്ട് പ്രഖ്യാപിക്കും. ഇത്തവണ വമ്പൻ താരങ്ങളുൾപ്പെടെയുള്ളവരുടെ വലിയ മത്സരമാണ് പ്രധാന അവാർഡുകൾക്കായി നടക്കുക. ഇന്ന് വൈകുന്നേരം അഞ്ചു മണിക്കാണ് മന്ത്രി സജി ചെറിയാൻ അവാർഡുകൾ പ്രഖ്യാപിക്കുക. മോഹൻലാൽ, മമ്മൂട്ടി, പ്രണവ് മോഹൻലാൽ, ദുൽഖർ സൽമാൻ, സുരേഷ് ഗോപി ഉൾപ്പെടെയുള്ള താരങ്ങൾ ഇത്തവണ മികച്ച നടനുള്ള അവാർഡിനായി മത്സരിക്കുന്നുണ്ട്. ദൃശ്യം 2 വിലെ ഗംഭീര പ്രകടനമാണ് മോഹൻലാലിനെ മത്സര രംഗത്ത് നിർത്തുന്നതെങ്കിൽ, മമ്മൂട്ടി മത്സരിക്കുന്നത് ദി പ്രീസ്റ്റ്, വൺ എന്നീ ചിത്രങ്ങളിലൂടെയാണ്. കാവൽ എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപിയെത്തുമ്പോൾ കുറിപ്പിലൂടെ ദുൽഖർ സൽമാനും ഹൃദയത്തിലൂടെ പ്രണവ് മോഹൻലാലും മത്സര രംഗത്തെത്തുന്നു.ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമ്മൂട്, ഗുരു സോമസുന്ദരം തുടങ്ങിയവരും വ്യത്യസ്ത ചിത്രങ്ങളിലൂടെ മത്സര രംഗത്തുണ്ട്.

പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ടോവിനോ തോമസ്, ബിജു മേനോൻ, ആസിഫ് അലി, ചെമ്പൻ വിനോദ്, ദിലീപ്, സൗബിൻ ഷാഹിർ, നിവിൻ പൊളി, സണ്ണി വെയ്ൻ, ഉണ്ണി മുകുന്ദൻ, അനൂപ് മേനോൻ എന്നിവരഭിനയിച്ച ചിത്രങ്ങളും വിവിധ വിഭാഗങ്ങളിലായി മത്സരിക്കുന്നുണ്ട്. പാർവതി തിരുവോത്ത്, മഞ്ജു വാര്യർ, നിമിഷ സജയൻ, കല്യാണി പ്രിയദർശൻ, അന്ന ബെൻ, ദർശന രാജേന്ദ്രൻ, രജീഷ വിജയൻ, ഗ്രേസ് ആന്റണി, ഉർവശി, ഐശ്വര്യ ലക്ഷ്‌മി, മമ്ത മോഹൻദാസ്, മീന, നമിത പ്രമോദ്, ലെന, സാനിയ ഇയപ്പൻ, മഞ്ജു പിള്ള, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ, ശ്രുതി സത്യൻ, റിയ സൈര, ഡയാന, വിൻസി അലോഷ്യസ്, ദിവ്യ എം നായർ എന്നിവരാണ് നടിക്കുള്ള അവാർഡിനായി മത്സരിക്കുന്നത്. 142 സിനിമകളാണ് ഇത്തവണ അവാർഡിനായി സമർപ്പിക്കപ്പെട്ടത്. ആ ചിത്രങ്ങൾ 2 പ്രാഥമിക ജൂറികൾ ചിത്രം കണ്ടതിനു ശേഷം, അതിലെ 40 – 45 മികച്ച ചിത്രങ്ങളാണ് അന്തിമ ജൂറിക്ക് വിലയിരുത്താൻ സമർപ്പിച്ചത്.