പോലീസ് ചമഞ്ഞ് പണം തട്ടിയ നാല് പേർ തെക്കൻ ബാത്തിനയിൽ അറസ്റ്റിൽ

ഒമാനിൽ പുതിയതരം തട്ടിപ്പുകളുമായി സാമൂഹ്യ വിരുദ്ധന്മാരും തസ്‌കര സംഘങ്ങളും രംഗത്തിറങ്ങിയിരിക്കുന്നതായി റിപ്പോർട്ടുകൾ വന്നിരിക്കുന്നു. റോയൽ ഒമാൻ പോലീസിന്റെ ഉദ്യോഗസ്ഥരും ജീവനക്കാരുമാണെന്ന് പറഞ്ഞ് കൊണ്ട് പ്രവാസികളെ വഴിയിൽ തടഞ്ഞു നിർത്തി പിടിച്ചുപറി നടത്താൻ ചിലയാളുകൾ നടത്തുന്ന ശ്രമങ്ങൾ പരസ്യമാവുകയും ഇരയാക്കപ്പെട്ട പ്രവാസികളുടെ റിപ്പോർട്ടനുസരിച്ച് ചില വ്യാജന്മാരെ പോലീസ് അറസ്റ്റു ചെയ്യുകയും ആൾമാറാട്ടത്തിനും കവർച്ചക്കും ഇവർക്കെതിരെ കേസുമെടുത്തിട്ടുണ്ട്. പ്രവാസികൾ സായാഹ്നങ്ങളിൽ വഴിയോരങ്ങളിലും റോഡരികിലും നിൽക്കുമ്പോൾ ഇവർ അടുത്ത് വന്ന് ഉദ്യോഗസ്ഥരാണെന്നും പോലീസ് ജീവനക്കാരാണെന്നും പറഞ്ഞുകൊണ്ട് ഐഡന്റിറ്റി കാർഡും രേഖകളും ആവശ്യപ്പെടുന്നു, പോക്കറ്റിൽ നിന്നും പഴ്സ് എടുത്തു രേഖകൾ പുറത്തെടുക്കാൻ തുടങ്ങുമ്പോഴേക്കും മിന്നൽ വേഗത്തിൽ പഴ്സും പണവും തട്ടിയെടുത്ത് ഓടി മറയുന്ന തന്ത്രമാണ് ഇവർ ഉപയോഗിക്കുന്നത്. ഒമാനിലെ തെക്കൻ ബാത്തിനാ ഗവർണറേറ്റിലെ പോലീസാണ് സജീവവും തന്ത്രപൂർവവുമായ നീക്കത്തിലൂടെ വ്യാജന്മാരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഒമാനിൽ കഴിയുന്ന പ്രവാസികൾ ഇത്തരം വ്യാജൻമാരുടേയും തട്ടിപ്പുകാരുടേയും ആക്രമണത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് വിവിധ സാമൂഹിക പ്രസ്ഥാനങ്ങളും അധികൃതരും മുന്നറിയിപ്പ് നൽകുന്നു.