മസ്കത്ത്: യെമൻ സഖ്യകക്ഷികൾ ഉണ്ടാക്കിയ ധാരണ അനുസരിച്ച് യെമനിലെ യുഎൻ പ്രതിനിധി ഹാൻസ് ഗ്രണ്ട്ബെർഗ് നടത്തിയ പ്രഖ്യാപനത്തെയാണ് ഒമാൻ സുൽത്താനേറ്റ് സ്വാഗതം ചെയ്തത്. രണ്ട് മാസത്തേക്ക് കൂടിയാണ് വെടിനിർത്തൽ നീട്ടാൻ ധാരണയായത്.
വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സ്ഥിരം വെടിനിർത്തൽ ഉണ്ടാകുവാനും യെമനിൽ സുസ്ഥിര സമാധാനം കൈവരിക്കുന്ന വിധത്തിൽ മാനുഷികവും സാമ്പത്തികവും രാഷ്ട്രീയവുമായുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ കൂടുതൽ ചർച്ചകൾക്ക് ഈ നടപടി കാരണമാകുമെന്നാണ് ഒമാൻ സുൽത്താനേറ്റിന്റെ പ്രതീക്ഷ.
അതോടൊപ്പം യെമൻ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമത്തിൽ സൗദി അറേബ്യയുമായും അന്താരാഷ്ട്ര സംഘടനകളുമായുള്ള സഹകരണത്തിന് പുറമേ, സനാ സന്ദർശന വേളയിൽ ഒമാൻ പ്രതിനിധികൾ നടത്തിയ ഫലപ്രദമായ ചർച്ചകളെയും ഒമാൻ സുൽത്താനേറ്റ് അഭിനന്ദിച്ചു.