യെമൻ വെടിനിർത്തൽ നീട്ടുന്നതിൽ ഒമാന്റെ പങ്കിനെ പുകഴ്ത്തി യുഎസ് പ്രതിനിധി

മസ്‌കത്ത്: യെമനിൽ വെടിനിർത്തൽ നീട്ടുന്നതിൽ ഒമാന്റെ പങ്ക് വിലമതിക്കുന്നതാണെന്ന് യുഎസ് പ്രതിനിധി. യെമനിലെ വെടിനിർത്തൽ രണ്ട് മാസത്തേക്ക് കൂടി നീട്ടാനുള്ള തീരുമാനത്തിൽ ആഗോള സമ്മതം നേടിയെടുക്കുന്നതിൽ സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ നേതൃത്വത്തിലുള്ള ഒമാൻ സർക്കാർ നിർണായക പങ്കുവഹിച്ചതായി യെമനിലെ യുഎസ് പ്രത്യേക ദൂതൻ ടിം ലെൻഡർകിംഗ്.

ഒമാൻ സുൽത്താനേറ്റ് നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും യെമൻ പ്രതിസന്ധി പരിഹരിക്കാൻ അമേരിക്കയുമായും ബന്ധപ്പെട്ട മറ്റ് കക്ഷികളുമായും ഏകോപനത്തിലാണ് ഒമാൻ പ്രവർത്തിക്കുന്നതെന്നും ലെൻഡർകിംഗ് ഒമാൻ ന്യൂസ് ഏജൻസി (ഒഎൻഎ) പങ്കെടുത്ത പത്രസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞയാഴ്ച ഒമാനി പ്രതിനിധി സംഘം സന സന്ദർശിച്ചത് ഈ നിലപാടിന് തെളിവാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനെ യെമൻ പ്രതിസന്ധി പരിഹരിക്കുന്നതിൽ “ഗുരുതരനീക്കമെന്നാണ്” അദ്ദേഹം വിശേഷിപ്പിച്ചത്.