
മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിലെ ജബൽ അഖ്ദർ വിലായത്തിൽ കഴിഞ്ഞ വർഷം എത്തിയത് രണ്ട് ലക്ഷത്തിലധികം വിനോദ സഞ്ചാരികൾ. രാജ്യത്തെ സുപ്രധാന ടൂറിസ്റ്റ് സ്ഥലങ്ങളിലൊന്നാണ് ജബൽ അഖ്ദർ.
ഏകദേശം 2,08,423 സന്ദർശകരാണ് സ്വദേശികളും വിദേശികളുമായി ഇവിടെ എത്തിയത്. ദേശീയ സ്ഥിതിവിവര കേന്ദ്രമാണ് ഈ കണക്കുകൾ വ്യക്തമാക്കിയത്. ജബൽ അഖ്ദറിന്റെ സവിശേഷമായ കാലാവസ്ഥയാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്.
വേനൽക്കാലത്തെ കുറഞ്ഞ വെയിലും ശൈത്യകാലത്ത് തണുപ്പും പ്രദേശത്തെ കാലാവസ്ഥ സവിശേഷമാക്കുന്നതാണ്. സഞ്ചാരികൾക്കായി നിരവധി ഹോട്ടൽ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ശൈത്യകാലത്ത് തണുപ്പ് ആസ്വാദിക്കാനായി സ്വദേശികളും വിദേശികളുമടക്കം നിരവധി പേരാണ് ഓരോ സീസണിലും ഇവിടെ എത്താറുള്ളത്.
സന്ദർശകരായി എത്തിയവരിൽ കൂടുതൽ പേരും സ്വദേശി പൗരന്മാരാണ്. കഴിഞ്ഞ വർഷം 1,12,619 ഒമാനികളാണ് ജബൽ അഖ്ദറിൽ എത്തിയത്.ഒമാൻ സുൽത്താനേറ്റിലെ ഇക്കോ ടൂറിസത്തിനും സാഹസിക വിനോദസഞ്ചാരത്തിനും പേരുകേട്ട സ്ഥലമാണ് ജബൽ അഖ്ദർ.