സൗ​ദി-​ഇ​റാ​ൻ ന​യ​ത​ന്ത്ര ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാനുള്ള തീരുമാനത്തെ ഒ​മാ​ൻ സ്വാ​ഗ​തം ചെ​യ്തു

മ​സ്ക​ത്ത്​: സൗ​ദി അ​റേ​ബ്യ​യു​ടെ​യും ഇ​റാ​ന്‍റെ​യും ന​യ​ത​ന്ത്ര ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള തീ​രു​മാ​ന​​ത്തെ ഒ​മാ​ൻ സ്വാ​ഗ​തം ചെ​യ്തു. മേ​ഖ​ല​യി​ലെ സ്ഥി​ര​ത​യും സു​ര​ക്ഷ​യും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും എ​ല്ലാ ജ​ന​ങ്ങ​ള്‍ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന ക്രി​യാ​ത്മ​ക ഇ​ട​പെ​ട​ലു​ക​ള്‍ക്കും സ​ഹ​ക​ര​ണം ഗു​ണം ചെ​യ്യു​മെ​ന്ന് ഒ​മാ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ലൂടെ വ്യക്തമാക്കി.

ചൈ​നീ​സ് ത​ല​സ്ഥാ​ന​മാ​യ ബെ​യ്ജി​ങ്ങി​ൽ ന​ട​ന്ന ച​ർ​ച്ച​ക്കു ശേഷമാണ് ഇ​രു​രാ​ജ്യ​ങ്ങ​ളും ധാ​ര​ണ​യി​ലെ​ത്തി​യ​ത്. ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ എം​ബ​സി​ക​ൾ തു​റ​ക്കാ​നും തീ​രു​മാ​ന​മാ​യി. 2001ൽ ​ഒ​പ്പി​ട്ട സു​ര​ക്ഷ സ​ഹ​ക​ര​ണ ക​രാ​ർ ന​ട​പ്പാ​ക്കാ​നും ഇ​രു​രാ​ജ്യ​ങ്ങ​ളും ധാ​ര​ണ​യാ​യി. 2016ൽ ​ഇ​റാ​നി​ലെ സൗ​ദി അ​റേ​ബ്യ​യു​ടെ ന​യ​ത​ന്ത്ര കാ​ര്യാ​ല​യം ആ​ക്ര​മി​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് സൗ​ദി ഇ​റാ​നു​മാ​യു​ള്ള ന​യ​ത​ന്ത്ര ബ​ന്ധം അവസാനിപ്പിച്ചത്. ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ഇ​രു​രാ​ജ്യ​ങ്ങ​ളും ഏ​റെ നാ​ളാ​യി ച​ർ​ച്ച തു​ട​രു​ക​യാ​യി​രു​ന്നു.