തെരുവുകളിൽ ഇനി വസ്ത്രദാന പെട്ടികൾ വേണ്ട: മസ്‌കത്ത് മുനിസിപ്പാലിറ്റി

മസ്‌കത്ത്: നഗരത്തിലെ തെരുവുകളിൽ നിന്ന് വസ്ത്രങ്ങൾ ശേഖരിക്കുന്നതിനുള്ള ബോക്‌സുകൾ നീക്കം ചെയ്യുമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. മസ്‌കത്ത് ഗവർണറേറ്റിലെ പൊതുസ്ഥലങ്ങളിൽ വസ്ത്രശേഖരണ പെട്ടികൾ സ്ഥാപിക്കുന്നതിനുള്ള അനുമതികൾ നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് പൊതുജനങ്ങളെ മസ്‌കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു.

തെരുവ് പ്രവേശന കവാടങ്ങളിലും പാർപ്പിട പരിസരങ്ങളിലും ഇത്തരം പെട്ടികൾ കൂട്ടിയിട്ടിരിക്കുന്നത് ഗതാഗത പ്രശ്‌നങ്ങൾക്ക് കാരണമാവുകയും പൊതു സ്ഥലങ്ങളുടെ സൗന്ദര്യം നശിപ്പിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നതിനാലാണ് ഈ തീരുമാനം.

പൊതുസ്ഥലങ്ങളിൽ സംഭാവന കണ്ടെയ്നറുകൾ സ്ഥാപിക്കാൻ മുമ്പ് അധികാരപ്പെടുത്തിയിട്ടുള്ള എല്ലാ കമ്മിറ്റികളോടും അസോസിയേഷനുകളോടും സ്ഥാപനങ്ങളോടും അത് പ്രഖ്യാപിച്ച തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ അവ നീക്കം ചെയ്യണമെന്ന് മുനിസിപ്പാലിറ്റി അഭ്യർത്ഥിച്ചു.

മേൽപ്പറഞ്ഞ നിബന്ധനകൾ പാലിക്കാത്ത സാഹചര്യത്തിൽ മുനിസിപ്പാലിറ്റി ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും കൂട്ടിച്ചേർത്തു.