ഉപയോഗശൂന്യമായ വാഹങ്ങൾക്കെതിരെ നടപടി ശക്തമാക്കി മസ്കത്ത് മുനിസിപ്പാലിറ്റി

മസ്‌കറ്റ്: തെരുവിൽ ഉപേക്ഷിക്കപ്പെട്ട ഉപയോഗ ശൂന്യമായ കാറുകൾക്കെതിരെ മസ്‌കത്ത് മുനിസിപ്പാലിറ്റി നടപടി ശക്തമാക്കുന്നു.
നിരത്തുകളിൽ ദീർഘനേരം പാർക്ക് ചെയ്യുന്ന കാറുകളുടെയും മറ്റ് വാഹനങ്ങളുടെയും ഉടമകൾക്ക് 200 ഒമാൻ റിയാൽ മുതൽ 1,000 ഒമാൻ റിയാൽ വരെ പിഴ ഈടാക്കുമെന്നും തുടർന്ന് അവരുടെ വാഹനങ്ങൾ കണ്ടുകെട്ടുമെന്നും മസ്കത്ത് മുനിസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

അതേസമയം പിടിച്ചെടുത്ത സ്ഥലത്തുനിന്നും വാഹനം ഉടമകൾ കൈപ്പറ്റിയില്ലെങ്കിൽ പ്രതിദിനം 5 ഒമാൻ റിയാൽ പിഴ ഈടാക്കും. കർശന നിരീക്ഷണത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളിൽ മുന്നറിയിപ്പ് നോട്ടീസ് സ്റ്റിക്കർ പതിക്കുമെന്ന് മുനിസിപ്പൽ അധികൃതർ അറിയിച്ചു. 14 ദിവസത്തേക്ക് ഗ്രേസ് പിരീഡിനുള്ളിൽ ഒരു നടപടിയും സ്വീകരിച്ചില്ലെങ്കിൽ, വാഹനം പിടിച്ചെടുക്കും.

കാർ പാർക്കുകളിലും വില്ലകൾക്ക് പുറത്തും മറ്റിടങ്ങളിലും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾക്കെതിരെ അടുത്തിടെയാണ് നടപടി ആരംഭിച്ചത്.

മസ്‌കറ്റിന്റെ രൂപഭംഗി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ശ്രദ്ധിക്കപ്പെടാത്ത വാഹനങ്ങളുടെ ഉടമകൾക്ക് നോട്ടീസ് നൽകുന്നതെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.

നഗരം വൃത്തിയായി സൂക്ഷിക്കുക, രൂപഭംഗി മെച്ചപ്പെടുത്തുക, സുരക്ഷ മെച്ചപ്പെടുത്തുക, മലിനീകരണം കുറയ്ക്കുക തുടങ്ങിയ ശ്രമങ്ങളുടെ ഭാഗമായാണ് മുനിസിപ്പാലിറ്റി ആളില്ലാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നത്.

പൊതുസ്ഥലങ്ങളിൽ വാഹനങ്ങൾ ഉപേക്ഷിച്ചതിന് മസ്കത്ത് ഗവർണറേറ്റിലെ വിവിധ വിലായറ്റുകളിൽ 66 വാഹനങ്ങൾ പിടിച്ചെടുത്തും 167 വാഹനങ്ങളിൽ മുന്നറിയിപ്പ് സ്റ്റിക്കറുകൾ പതിച്ചുമാണ് പ്രചാരണം ആരംഭിച്ചതെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.