അൽ ബുറൈമി വ്യാവസായിക നഗര പദ്ധതി അന്തിമഘട്ടത്തിലേക്ക്

അൽ ബുറൈമി: അൽ ബുറൈമി ഇൻഡസ്ട്രിയൽ സിറ്റിയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ പൂർത്തീകരണ നിരക്ക് 98 ശതമാനത്തിലെത്തി. നിലവിലെ സാഹചര്യത്തിൽ സമീപഭാവിയിൽ ഇത് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അൽ ബുറൈമി ഇൻഡസ്ട്രിയൽ സിറ്റിയിലെ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് 2021 ജൂണിൽ വ്യവസായ എസ്റ്റേറ്റുകൾക്കായുള്ള പബ്ലിക് എസ്റ്റാബ്ലിഷ്‌മെന്റ് ‘മഡയ്‌ൻ’ അനുവദിച്ചതായി അൽ ബുറൈമി ഇൻഡസ്ട്രിയൽ സിറ്റി ഡയറക്ടർ ജനറൽ സെയ്ദ് ബിൻ അബ്ദുല്ല അൽ ബലൂഷി പറഞ്ഞു.

വ്യാവസായിക നഗരത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങൾ ഉൾക്കൊള്ളുന്ന 35 കിലോമീറ്റർ ദൈർഘ്യമുള്ള മലിനജല ശൃംഖലയുടെ നിർമ്മാണം, പ്രതിദിനം 400 ക്യുബിക് മീറ്റർ ശേഷിയുള്ള മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കൽ, നിരവധി റോഡുകൾ നിർമ്മിക്കൽ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

ഒന്നും രണ്ടും പ്രദേശങ്ങളിൽ ആകെ 8 കി.മീ നീളമുള്ള മഴവെള്ളം ഒഴുകിപ്പോകാനുള്ള ചാലുകൾ, മലിനജല ശുദ്ധീകരണ പ്ലാന്റിൽ നിന്ന് ആദ്യത്തെ പ്രദേശത്തുകൂടി കടന്നുപോകുന്നതിനും ഒടുവിൽ രണ്ടാമത്തെ പ്രദേശത്തേക്ക് എത്തുന്നതിനുമായി ഒരു ജലസേചന ശൃംഖല (ഏകദേശം 7 കിലോമീറ്റർ) എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു.

300,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള വികസനമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് അൽ ബലൂഷി ചൂണ്ടിക്കാട്ടി.