
മസ്കത്ത്: കടലാമകളുടെ സംരക്ഷണം ഉറപ്പാക്കാൻ വിപുലമായ പദ്ധതികളുമായി ഒമാൻ പരിസ്ഥിതി അതോറിറ്റി. ലോകത്തിലെ അറിയപ്പെടുന്ന ഏഴ് സമുദ്ര കടലാമ വർഗങ്ങളിൽ നാലെണ്ണത്തിന്റെയും പ്രധാന പ്രജനന കേന്ദ്രമാണ് ഒമാൻ തീരങ്ങൾ. കാലാവസ്ഥാ വ്യതിയാനം, തീരദേശ ശോഷണം, എന്നിവ ആമകളുടെ നിലനിൽപ്പിന് വെല്ലുവിളി സൃഷ്ടിക്കുന്നതായി പരിസ്ഥിതി അതോറിറ്റിയുടെ സർവേ വ്യക്തമാക്കുന്നു. ഓരോ വർഷവും ആയിരക്കണക്കിന് മൈലുകൾ സഞ്ചരിച്ചാണ് കടലാമകൾ മുട്ടയിടാനായി ഒമാൻ തീരങ്ങളിലേക്ക് എത്തുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കടലാമകളുടെ വരവിലും കുഞ്ഞുങ്ങളുടെ എണ്ണത്തിലും വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ആഗോള സമുദ്ര ജീവസംരക്ഷണ മേഖലയിൽ അതീവ പ്രാധാന്യമുള്ളവയാണ് ദൈമനിയാത് ദ്വീപുകൾ മുതൽ മസിറയുടെ തീരങ്ങൾ വരെ നീളുന്ന ഒമാന്റെ കടലോരം. വർഷം തോറും മുപ്പതിനായിരത്തോളം ലോഗർഹെഡ് കടലാമകൾ എത്തുന്ന മസിറ ദ്വീപിൽ, നിലവിൽ ഇവ കൂട്ടത്തോടെ തെക്കൻ തീരങ്ങളിലേക്ക് മാറുന്നതായി നിരീക്ഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ പ്രതിസന്ധിയെ മറികടക്കാൻ ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളും ജനകീയ പങ്കാളിത്തവും ഒരുപോലെ പ്രയോജനപ്പെടുത്താനുള്ള നീക്കങ്ങളാണ് അധികൃതർ നടത്തുന്നത്.
ഉപഗ്രഹ സാങ്കേതികവിദ്യ ഉപയോഗിച്ച് കടലാമകളുടെ സഞ്ചാരപഥങ്ങൾ നിരീക്ഷിക്കാനാണ് തീരുമാനം. തീരങ്ങൾ പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. 2027-ഓടെ മസിറ ദ്വീപിൽ രണ്ട് കിലോമീറ്റർ നീളത്തിൽ പ്രകൃതിദത്ത മതിൽ നിർമിക്കും. ഇത് ആമകളുടെ പ്രജനന കേന്ദ്രങ്ങളിലേക്കുള്ള വാഹനങ്ങളുടെയും സന്ദർശകരുടെയും പ്രവേശനം നിയന്ത്രിക്കാൻ സഹായിക്കും.




